- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ; മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലാതിരുന്ന കുഞ്ഞ് വിശന്നപ്പോൾ കരിയില തിന്നു: കൊലപാത കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയ്ക്കായി അന്വേഷണം തുടങ്ങി
ചാത്തന്നൂർ: റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ കണ്ടെത്തി. മുലപ്പാലിന്റെ അംശം പോലും ശരീരത്തിൽ ഇല്ലാതിരുന്ന കുഞ്ഞ് വിശന്നപ്പോൾ കരിയില തിന്നുകയായിരുന്നു. ആശുപത്രിയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ കുടുങ്ങിയതായി കണ്ടെത്തിയത്.
മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റിൽ കടന്നെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു കണ്ടെത്തിയത്. ന്യുമോണിയ ബാധയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു.
ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അപ്പോഴേയ്ക്കും കുഞ്ഞ് അവശ നിലയിലായിരുന്നു. ഒരാഴ്ചയോളം മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കും. അതിനു ശേഷമേ സംസ്‌കരിക്കുകയുള്ളൂവെന്ന് ചാത്തന്നൂർ എസിപി ഷിനു തോമസ് പറഞ്ഞു. ആവശ്യമെന്ന് കണ്ടാൽ ഡിഎൻഎ പരിശോധന നടത്തും. കുട്ടിയുടെ അമ്മയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിൽ കൊലക്കുറ്റത്തിനു കേസെടുത്ത പൊലീസ്, അന്വേഷണ സംഘത്തെ വിപുലീകരിച്ചു. എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗർഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയിലാണു ചൊവ്വാഴ്ച രാവിലെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ