ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ്. എന്നാൽ, ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും റിപ്പബ്ലിക് ദിനം മറ്റെന്നത്തേക്കാൾ ആഘോഷിക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് വക്താവ് അൽക ലാമ്പ പറഞ്ഞു.

കോവിഡ് കാലത്ത് സാധാരണപോലെ പരേഡ് കണ്ട് ആൾക്കാരെ കൈയടിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ബ്രിട്ടനിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാസന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് അദ്ദേഹം ഈയാവശ്യമുന്നയിച്ചത്.

''കോവിഡിന്റെ രണ്ടാംതരംഗംകാരണം ബോറിസ് ജോൺസന്റെ ഇന്ത്യാസന്ദർശനം റദ്ദാക്കി. റിപ്പബ്ലിക്ദിനത്തിൽ നമുക്ക് മുഖ്യാതിഥിയില്ല. എന്തുകൊണ്ട് നമുക്ക് ഒരുപടി മുന്നോട്ടുപോയി ആഘോഷം റദ്ദാക്കിക്കൂടാ..?'' -തരൂർ ട്വീറ്റ് ചെയ്തു. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമൊക്കെ കൊണ്ടാടണമെന്നായിരുന്നു അൽക ലാമ്പയുടെ പ്രതികരണം.