- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏപ്രിലിനു ശേഷം മരണം 1000 കടന്നത് ഇന്നലെ; ഇന്നലെ മാത്രം പോസിറ്റീവ് ആയത് 62,322 പേർക്ക്; രണ്ടാഴ്ച്ചകൂടി കഴിഞ്ഞാൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാകും; സകലരും വീട്ടിലിരുന്നിട്ടും ബ്രിട്ടൻ നേരിടുന്നത് സമാനതകളില്ലാത്ത മഹാദുരന്തം
ഇന്നലെ ബ്രിട്ടനിൽ 1041 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതോടെ ഏപ്രിലിന് ശേഷം പ്രതിദിന മരണസംഖ്യ 1000 കടക്കുന്ന ദിവസമായി മാറി ഇന്നലെ.അതുപോലെ, ഇന്നലെ 62,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം കുറയുമെന്ന വിശ്വാസവും ഏതാണ്ട് നഷ്ടമാവുകയാണ്. രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ മരണ സംഖ്യ വല്ലാതെ ഉയരുമെന്നാണ് ഇപ്പോൾ അധികൃതർ ഭയക്കുന്നത്. മാത്രമല്ല, തുടർച്ചയായ മൂന്ന് ദിവസങ്ങളായി രോഗവ്യാപനത്തിലും വർദ്ധനവാണ് ദൃശ്യമാകുന്നത്.
ബ്രിട്ടൻ എത്രമാത്രം ദുരന്തത്തിൽ ആണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ. അതിനിടയിൽ വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകാത്തതും സർക്കാരിന് വിമർശനങ്ങൾ ഏല്ക്കാൻ കാരണമാവുകയാണ്. ഫെബ്രുവരി പകുതിയോടെ 13 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകുമെന്നായിരുന്നു ബോറിസ് ജോൺസൺ നേരത്തേ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താമെന്ന പ്രതീക്ഷയും ബോറിസിനുണ്ടായിരുന്നു. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നായിരിക്കുകയാണ്.
ഏതായാലും വാക്സിൻ പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കുവാനായി സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് വാക്സിൻ നൽകുവാനായി വലിയ വാക്സിനേഷൻ കേന്ദ്രങ്ങൾ അടുത്ത ആഴ്‌ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കൊപ്പം സന്നദ്ധ സേവകരും ഇവിടെ വാക്സിൻ പരിപാടിയിൽ പങ്കാളികളാകും.
വാക്സിൻ ലഭിക്കുന്നതിലുള്ള താമസമാണ് പദ്ധതി മന്ദഗതിയിലാകാൻ കാരണമെന്നാണ് പറയുന്നത്. ഒരു സമയം ഒരു ബാച്ചിലെ ഉദ്പന്നങ്ങൾ മാത്രമാണ് ഇപ്പോൾ പരിശോധിച്ച് അനുമതി നൽകുന്നത്. ഒരേ സമയം ഒന്നിലധികം ബാച്ചുകൾ പരിശോധിക്കുവാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും. അതുപോലെ പരിശോധന സമയം 20 ദിവസം എന്നതിൽ നിന്നും 4 ദിവസമായി കുറയ്ക്കും.
താറുമാറാകുന്ന ആരോഗ്യ സംരക്ഷണ സംവിധാനം
ഇതിനിടയിൽ ലണ്ടനിലെ ആശുപത്രികളെല്ലാം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ നിറഞ്ഞു കവിയുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരുപക്ഷെ അതിനു മുൻപേ ആശുപത്രികൾ അവയുടെ പരിധിയിൽ കൂടുതൽ രോഗികളെ ഉൾക്കൊള്ളേണ്ടുന്ന അവസ്ഥ സംജാതമായേക്കാം എന്നും ഭയക്കുന്നുണ്ട്. ഇന്നലെ ഒരു സൂം മീറ്റിംഗിലൂടെ എൻ എച്ച് എസ് ലണ്ടൻ ഡയറക്ടർ വിൻ ദിവാകറാണ് ഈ ഭയം പങ്കു വച്ചത്. നൈറ്റിംഗേൽ ആശുപത്രികൾ പ്രവർത്തനമാരംഭിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ അടിയന്തരമായി ചെയ്യേണ്ടതുണ്ട്.
ഈ സ്ഥിതി തുടർന്നാൽ ജനുവരി 19 ആകുമ്പോഴേക്കും ഏകദേശം 2000 ഇന്റൻസീവ് ബെഡുകളുടെ കുറവ് ലണ്ടനിൽ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ജീവൻ രക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന ഭയവും നിലനിൽക്കുന്നു.