- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്ന രണ്ടാം ദിനമായി മാറി ഇന്നലെ; ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത് 1162 പേർ; ഒരു ദിവസം രണ്ടു ലക്ഷം പേരെ അടുത്തയാഴ്ച്ച മുതൽ വാക്സിനേറ്റ് ചെയ്യുമെന്ന് വാക്കുനൽകി ബോറിസ് ജോൺസൺ
ഇസ്രയേലിന്റെ പാത ബ്രിട്ടനും പിന്തുടരുമെന്ന സൂചനകൾ നൽകിക്കൊണ്ട് ബ്രിട്ടന്റെ കോവിഡ് വാക്സിനേഷൻ പരിപാടിയിൽ സൈന്യത്തെ ഉൾക്കൊള്ളിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്‌ച്ച മുതൽ പ്രതിദിനം 2 ലക്ഷം പേർക്ക് വാക്സിൻ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുളടഞ്ഞ വർത്തമാനകാലത്തിൽ പ്രത്യാശയുടെ ഏകപ്രകാശമായ വാക്സിൻ കാത്തിരിക്കുന്നവരോട് ആവശ്യത്തിനുള്ള ഡോസുകൾ ലഭ്യമാണെന്നും, മുൻഗണന നൽകുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫെബ്രുവരി പകുതിയോടെ വാക്സിൻ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. കെയർഹോമുകളിലെ എല്ലാ അന്തേവാസികൾക്കും ജനുവരി അവസാനത്തോടെ തന്നെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ വാക്സിൻ പരിപാടിയുടെ ഊർജസ്വലമായ തുടക്കത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ച എൻ എച്ച് എസ് ഇംഗ്ലണ്ട് മേധാവി സർ സൈമണ സ്റ്റീവൻസ് പക്ഷെ ഈ പാതയിൽ ധാരാളം തടസ്സങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നും സമ്മതിച്ചു. ഓരോ ആഴ്‌ച്ചയിലും ലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകുന്ന ബൃഹത്തായ ഒരു പദ്ധതിയാണിത്. ഫെബ്രുവരി പകുതിയോടെ 13 ദശലക്ഷം പേർക്ക് വാക്സിൻ നൽകുവാനാണ് ബ്രിട്ടൻ ഉദ്ദേശിക്കുന്നത്. അതായത്, പ്രതിവാരം 3 ദശലക്ഷം ആളുകൾക്ക് നൽകണം. ഇതുവരെ 1.5 ദശലക്ഷം പേർക്ക് മാത്രമാണ് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളത്. അതായത്, ഇനിയുള്ള 39 ദിവസങ്ങൾ കൊണ്ട് 11.5 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകണം.
വാക്സിൻ ലഭിക്കുന്നതിനു മുൻപായി രോഗബാധിതരാകുന്നവർക്ക് ടോസിലിസുമാബ്, സാരിലുമാബ് എന്നീ ആർത്രിറ്റിസിനുള്ള രണ്ട് മരുന്നുകൾ നൽകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഈ മരുന്നുകൾ മരണത്തിന്റെ സാധ്യത 25 ശതമാനം കണ്ട് കുറയ്ക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അതേസമയം, ബോറിസ് ജോൺസന്റെ വാഗ്ദാനം എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തിൽ ഇപ്പോഴും പലകോണുകളിൽ നിന്നും സംശയങ്ങൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഇന്നലെ ബ്രിട്ടനിൽ 1,162 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ സാഹചര്യത്തിൽ. ഇതിനേക്കാൾ അധികം പ്രതിദിന മരണസംഖ്യ ഉണ്ടായിട്ടുള്ളത് ഏപ്രിൽ 21 ന് മാത്രമാണ്. അന്ന് 1,224 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
രോഗവ്യാപനം വർദ്ധിച്ചതോടെ മരണനിരക്കും വർദ്ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ, പ്രത്യാശയുടെ ഒരു നേർത്ത കിരണമായി രോഗവ്യാപനം കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ കുറയുന്നു എന്നൊരു സൂചനയും ലഭിച്ചിട്ടുണ്ട്. ഇന്നലെ 52,618 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞയാഴ്‌ച്ച ഇതേ ദിവസത്തേക്കാൾ 6 ശതമാനം കുറവാണ്. അതിനിടയിൽ ബ്രിട്ടന്റെ വാക്സിൻ പ്രോഗ്രാമിന്റെ ചുമതലയുൾല ബ്രിഗേഡിയർ ഫിൽ പ്രോസ്സെർ, തന്റെ സംഘാംഗങ്ങൾ യുദ്ധഭൂമിയിലെ സങ്കേതങ്ങൾ ഇവിടെയും ഉപയോഗിക്കുമെന്ന്വെളിപ്പെടുത്തി. കാര്യക്ഷമമായ വിതരണ ശൃംഖല പടുത്തുയർത്തുവാനും, വാക്സിൻ വിതരണത്തിന്റെ വേഗത കൂട്ടുവാനും ഇതുമൂലംകഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കെയർഹോം അന്തേവാസികൾ, എൻ എച്ച് എസ് ജീവനക്കാർ, മുൻനിര ആരോഗ്യ പ്രവർത്തകർ, അപകട സാധ്യതയുള്ള വിഭാഗത്തിൽ പെടുന്നവർ, വൃദ്ധർ തുടങ്ങിയവർക്ക് ഫെബ്രുവരി പകുതിയോടെ വാക്സിൻ കൊടുക്കുവാനുള്ള ബോറിസ് ജോൺസന്റെ യത്നം സഫലമാക്കുവാനുള്ള പദ്ധതി തയ്യാറാക്കുവാൻ വിവിധ സൈനിക തലവന്മാർക്ക് നിർദ്ദേശംനൽകിയിട്ടുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യാപകമായ ഈ വാക്സിൻ മാമാങ്കത്തിൽ അടുത്ത ആഴ്‌ച്ച നൂറോളം സൈനികരും പങ്കെടുക്കും. ഏകദേശം ആയിരത്തഞ്ഞൂറോളം പേർ സ്റ്റാൻഡ് ബൈ ആയും ഉണ്ടായിരിക്കും. കായിക വേദികൾ ഉൾപ്പടെ പലയിടങ്ങളിലായി ഏഴ് വലിയ വാക്സിൻ സെന്ററുകളും പ്രവർത്തനം ആരംഭിക്കും.
വാഗ്ദാനങ്ങളും പ്രതീക്ഷകളും ഏറെയുണ്ടെങ്കിലും ഇതുവരെ ബ്രിട്ടന്റെ വാക്സിൻ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. നേരത്തേ സ്വാബ് പരിശോധന സംബന്ധിച്ചും ഇത്തരത്തിലുള്ള വാഗ്ദാനം സർക്കാർ നൽകിയിരുന്നു. മെയ് മാസം ആരംഭത്തോടെ പ്രതിദിനം 1 ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ. 1 ലക്ഷം എന്ന സംഖ്യയിൽ എത്താൻ മെയ് 21 വരെ കാത്തിരിക്കേണ്ടിവന്നു. ഇതേ അനുഭവം തന്നെയായിരിക്കുമോ വാക്സിന്റെ കാര്യത്തിലും എന്ന് ഭയക്കുന്നവരും ഏറെയാണ്. അതുപോലെ പ്രധാന പരിശോധനാ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന വാഗ്ദാനം ഇപ്പോഴും നടപ്പിലാവാതെ കിടക്കുകയാണ്.
ഇന്നലെ, പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 50,000 കടന്ന തുടർച്ചയായ പത്താം ദിവസമായിരുന്നു. രോഗവ്യാപന നിരക്കിൽ കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും, ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ചുരുക്കം. അപകട സാധ്യതയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്കെങ്കിലും പൂർണ്ണമായും വാക്സിൻ നൽകാതെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ കഴിയാത്ത ഒരു അവസ്ഥയാണിത്. അതായത്, വാക്സിൻ പരിപാടി എത്രമാത്രംവൈകുന്നുവോ ലോക്ക്ഡൗൺ അത്രയും കാലം നീളുമെന്ന് ചുരുക്കം.