- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ലണ്ടനാണ് പ്രിയങ്കേ മുംബൈയല്ല; ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സലൂണിൽ എത്തി മുടി വെട്ടിയ പ്രിയങ്ക ചോപ്രയെ പൊക്കി പൊലീസ്; ബോളിവുഡ് നടിയുടെ ലോക്ക്ഡൗൺ ലംഘനം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വൈറൽ വാർത്ത
കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ലണ്ടനിലെ ഒരു ഹെയർസലൂണിൽ എത്തിയ ബോളിവുഡ് നടിയെ ബ്രിട്ടീഷ് പൊലീസ് പൊക്കി. നോട്ടിങ് ഹില്ലിലെ ജോഷ് വുഡ് കളർ സലൂണിലായിരുന്നു അമ്മയ്ക്കൊപ്പം നടിയെത്തിയത്. എന്നാൽ, ഒരു സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായി മുടിക്ക് നിറം നൽകാൻ എത്തിയതാണെന്നാണ് നടി അവകാശപ്പെട്ടത്. അതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയതിനാൽ നടിക്ക് പിഴയൊടുക്കേണ്ടതായി വന്നില്ല.
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു തന്നെയാണ് നിലവിൽ ചിത്രീകരണം നടക്കുന്ന ഒരു സിനിമയുടെ ആവശ്യത്തിനായി മുടിക്ക് നിറം നൽകാൻ ജോഷ് വുഡ് തയ്യാറായതെന്ന് പ്രിയങ്കയുടെ വക്താവ് അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ടവർക്ക് വേണ്ടി മാത്രമായി സലൂൺ തുറക്കുകയായിരുന്നു. മാത്രമല്ല, അതിൽ ഉൾപ്പെട്ടവരെ മുഴുവനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഡി സി എം എസ് വർക്കിങ് മാനദണ്ഡങ്ങളും ഫിലിം പ്രൊഡക്ഷൻ മാനദണ്ഡങ്ങളും കർശനമായി പാലിക്കുകയും ചെയ്തിരുന്നു.
ലോക്ക്ഡൗൺ നിലനിൽക്കുമ്പോഴും സിനിമ-ടി വി ഷൂട്ടിംഗുകൾ തുടർന്നുകൊണ്ടുപോകാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം ഷൂട്ടിങ് നടക്കേണ്ടത്. ബോളിവുഡിൽ ശ്രദ്ധേയയായ പ്രിയങ്ക ഇപ്പോൾ ഭർത്താവ് നിക്ക് ജോനാസുമൊത്ത് ലണ്ടനിലാണ് താമസിക്കുന്നത്. അമ്മ, മധുവിനൊപ്പമാണ് 38 കാരിയായ നടി സലൂണിൽ എത്തിയത്. തൊട്ടുപിന്നാലെ പൊലീസും എത്തുകയായിരുന്നു. നടി സലൂണിൽ പോകുന്നതിന്റെയും പൊലീസ് പിന്തുടർന്നെത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അരിശം അണപൊട്ടിയൊഴുകി.
കടുത്ത നിയന്ത്രണങ്ങളുടെ കൂട്ടിലടച്ചിടപ്പെട്ട സാധാരണക്കാർ ഇതിനെതിരെ വിമർശനവുമായി എത്തി. ഒരു നടി നിയമത്തിന് മേലാണോ എന്നായിരുന്നു മിക്കവരും ചോദിച്ചത്. ഇംഗ്ലണ്ടിൽ സലൂൺ പ്രവർത്തിക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്ന അവസരത്തിൽ സലൂണിൽ പോയി മുടിക്ക് നിറം നൽകുന്ന ഫോട്ടോ എന്തിനാണ് പരസ്യമാക്കിയതെന്ന് ഒരാൾ പ്രിയങ്കയോട് ട്വിറ്ററിൽ നേരിട്ട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികൾ നിയമത്തിന് അതീതരാണെന്ന സ്വയം ധാരണ തിരുത്തെണ്ട സമയമായെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.
എന്നാൽ, സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ, നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത സലൂൺ ഉടമയെ അറിയിച്ചതല്ലാതെ പിഴയൊന്നും ചുമത്തിയില്ല. മുടിക്ക് നിറം നൽകുന്നതുൾപ്പടെയുള്ള പേഴ്സൺൽ കെയർ സേവനങ്ങൾ മറ്റ് വീടുകളിൽ എത്തി നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നതാണ്.
എന്നിട്ടും സലൂണിൽ എത്തി കാര്യം നേടാൻ പ്രിയങ്കയ്ക്കായി. ടെക്സ്റ്റ് ഫോർ യു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഇപ്പോൾ നടി ലണ്ടനിലുള്ളത്. ഭർത്താവിനൊപ്പമാണ് ഇവിടെ താമസിക്കുന്നതും.
മറുനാടന് മലയാളി ബ്യൂറോ