- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കോളനിയിൽ നിന്നും ജീപ്പിൽ ഇരുട്ടുകുത്തിയിലെത്തിച്ചു; മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പാണ്ടിയിൽ ചാലിയാർ പുഴയുടെ മറുകരയിലും; നിലമ്പൂർ മുണ്ടേതി ഉൾക്കാട്ടിൽ പ്രസവ വേദനയിൽ പുളഞ്ഞ ആദിവാസി യുവതിയെ വനപാലകർ രക്ഷിച്ചത് സംഭവ ബഹുലമായ യാത്രയിലൂടെ
മലപ്പുറം: നിലമ്പൂർ മുണ്ടേതി ഉൾക്കാട്ടിൽ അവശയായി പ്രസവ വേദനയാൽ പുളഞ്ഞ ആദിവാസി യുവതിയെ വനപാലകർ ആശുപത്രിയിലെത്തിച്ചത് സംഭവ ബഹുലമായ യാത്രയിലൂടെ. അവസാനം പെൺകുഞ്ഞിന് ജന്മം നൽകി 30കാരി സുജാത. നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ കുമ്പപളപ്പാറ കോളനിയിലെ ഗർഭിണിയായ സുജാത(30) എന്ന ആദിവാസി യുവതിക്കാണ് വനപാലകർ തുണയായി മാറിയത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സുജാതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ ഭർത്താവ് കുമാരൻ വാണിയംപുഴ ഫോറസ്റ്റ് ഓഫസീലെ ജീവനക്കാരെ വിവരമറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനൂപ് ഡി. ജോൺ, അമൽ വിജയൻ, കെ. മുഹമ്മദ് യാസിർ എന്നിവർ വനംവകുപ്പ് ജീപ്പിൽ കോളനിയിലെത്തി ഇവരെ ഇരുട്ടുകുത്തിയിലെത്തിച്ചു. തുടർന്ന് മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പാണ്ടിയിൽ ഏഴരയോടെ ചാലിയാർ പുഴയുടെ മറുകരയിലുമെത്തിച്ചു.
ഒരു മണിക്കൂർ കാത്തുനിന്ന ശേഷമാണ് ആരോഗ്യ വകുപ്പ് ജീവനക്കാരും പട്ടിവകവർഗ വികസന വകുപ്പ് അധികൃതരും ആംബുലൻസുമായി ചാലിയാറിന്റെ മറുകരയിലെത്തിയത്. ഈ സമയമെല്ലാം യുവതി വേദനയിൽ കഴിയുകയായിരുന്നു. നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച സുജാത ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സുജാതയുടെ നാലാമത്തെ പ്രസവമാണിത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2019-ലെ പ്രളയത്തിൽ തകർന്ന കുന്പളപ്പാറയിലേക്കുള്ള വനപാത കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ജെസിബി ഉപയോഗിച്ച് നന്നാക്കിയിരുന്നു. ബുധനാഴ്ചയുണ്ടായ മഴയിൽ റോഡിന്റെ പല ഭാഗങ്ങളും ഒലിച്ച് പോയങ്കിലും പ്രതിസന്ധികൾ നേരിട്ട് വനം ജീവനക്കാർ യുവതിയെ പുറം ലോകത്തെത്തിക്കുകയായിരുന്നു. കുമ്പളപ്പാറ ക്യാന്പ് ഷെഡ് വരെ നിർമ്മാണം പൂർത്തിയായ വനപാത ആദിവാസികൾക്കു ഇപ്പോൾ അനുഗ്രഹമായി മാറിയിരിക്കുകയാണ്.