- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർച്ചയായി നാലാം ദിവസവും ആയിരത്തിലധികം മരണം; ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് ഉപയോഗിച്ച് എലിസബത്ത് രാജ്ഞിയും ഭർത്താവും; ഇനി രാജ്യമെങ്ങും വാക്സിനേഷൻ യുദ്ധം; മഹാമാരിയെ തടഞ്ഞ് നിർത്താൻ ബ്രിട്ടൻ രണ്ടും കൽപിച്ച് രംഗത്തിറങ്ങുമ്പോൾ
അവസാനിക്കാത്ത ദുരിതങ്ങളുടെ ഭാരവും പേറി വലയുകയാണ് ബ്രിട്ടൻ. തുടർച്ചയായ നാലാം ദിവസവും പ്രതിദിന മ്രരണസംഖ്യ 1000 കടന്നു. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 1,035 കോവിഡ് മരണങ്ങളാണ്. ഏപ്രിൽ 18 ന് ശേഷം ഏറ്റവും അധികം ആളുകൾ കോവിഡ് ബാധിച്ച് മരണമടഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ശനിയാഴ്‌ച്ച രേഖപ്പെടുത്തിയത് 445 മരണങ്ങളായിരുന്നു. അതായത്, ഒരാഴ്‌ച്ച കൊണ്ട് മരണനിരക്ക് വർദ്ധിച്ചത് 132/5 ശതമാനം.
അതേസമയം രോഗവ്യാപനം ചാപം തിരശ്ചീനമകുന്നു എന്ന സൂചന നൽകി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 59,937 പേർക്കാണ്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 3.8 ശതമാനം മാത്രം കൂടുതൽ. എന്നാൽ, വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തിയ പുതിയ കേസുകളുടെ എണ്ണത്തേക്കാൾ കുറവാണിത്. അതുപോലെ വെള്ളിയാഴ്‌ച്ചയിലേതിനേക്കാൾ മരണസംഖ്യയിലും കുറവുണ്ട്. അതേസമയം സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ ഒരു അംഗം പറഞ്ഞത് ബ്രിട്ടനിൽ പ്രതിദിനം 1,50,000 പേരെയെങ്കിലും കോവിഡ് ബാധിക്കുന്നു എന്നാണ്.
ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നതുകൊറോണയുടെ ഒന്നാം തരംഗത്തേക്കാൾ ഭീതിദമാവുകയാണ് രണ്ടാം തരംഗം എന്നാണ്. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി വരുന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നായി ഉയർന്നു വരുന്നുണ്ട്. അതേസമയം, നിയന്ത്രണങ്ങൾ അനുസരിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് സർക്കാർ പുതിയ പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വസന്തകാലത്തിനു ശേഷം ഇംഗ്ലണ്ട് ഇപ്പോൾ കടുത്തതും ദൈർഘ്യമേറിയതുമായ ലോക്ക്ഡൗണിലാണ്.ഒരുപക്ഷെ, അപകട സാധ്യത കൂടിയ വിഭാഗത്തിൽ പെടുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകിക്കഴിയുന്നതുവരെ ഇത് നീക്കം ചെയ്യുകയുമില്ല. കഴിഞ്ഞ ഒരാഴ്‌ച്ചയായി പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണം 50,000 ൽ കവിഞ്ഞത് ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. വാക്സിൻ പദ്ധതിക്ക് വേഗത കൂട്ടാനുള്ള ശ്രമങ്ങൾക്ക് ഇത് ശക്തി വർദ്ധിപ്പിച്ചു.
എന്നാൽ, നിലവിലെ ലോക്ക്ഡൗൺ അതിതീവ്ര വൈറസിനെ നിയന്ത്രിക്കുവാൻ പര്യാപതമല്ല എന്ന വാദമാണ് ശാസ്ത്രജ്ഞരിൽ ചിലർ ഉയർത്തുന്നത്. ആദ്യതരംഗ സമയത്തെ ലോക്ക്ഡൗണിൽ ഉണ്ടായിരുന്നതിനേക്കാൾ കർശനമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ ആവശ്യം എന്ന് അവർ പറയുന്നു. ആളുകൾ തമ്മിൽ ഇടപഴകുന്നത് കർശനമായി നിയന്ത്രിക്കണം. ഇതിനെ തുടർന്ന് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾക്കായി സർക്കാർ മുതിർന്നേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ആൾത്തിരക്കേറെയുള്ള പുറംവാതിൽ സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നതുൾപ്പടെയുള്ള നടപടികളായിരിക്കും ഇപ്പോൾ കൈക്കൊള്ളുക എന്നറിയുന്നു.
അതേസമയം നിലവിലെ ലോക്ക്ഡൗൺ അപര്യാപ്തമാണെന്ന് വാദിക്കുന്നവർ അതിന് ഉപോത്പകമായി ചൂണ്ടിക്കാണിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. തണുപ്പ് വൈറസിന് അനുകൂലമായ കാലാവസ്ഥയാണ്. ആളുകൾ കൂടുതൽ സമയം വീടുകൾക്കുള്ളിൽ ചെലവഴിക്കുമ്പോൾ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുകയാണ്. മറ്റൊന്ന്, അവശ്യസേവന വിഭാഗത്തിൽപ്പെടുന്നവരുടെ കുട്ടികളെ ക്ലാസ്സ് മുറികളിലിരുത്തി പഠിപ്പിക്കുവാനുള്ളതീരുമാനം. ഇതുവഴി ക്ലാസ്സ് മുറികൾ ഏതാണ്ട് പകുതി നിറഞ്ഞിരിക്കുകയാണ്. നിരവധി സേവന മേഖലകളെ അവശ്യ സേവന മേഖലയിൽ ഉൾപ്പെടുത്തിയതാണ് കാരണം.
അതുപോലെ സ്‌കൂളിൽ കൊണ്ടു പോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ആളുകൾ കൂടെ പോകുന്നത്, ഈ സമയങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്ക് വർദ്ധിപ്പിക്കുന്നു. ഇതിനു പുറമേ തിരക്കുള്ള് സമയങ്ങളിൽ അവശ്യസേവന വിഭാഗത്തിൽ പെടുന്നവർ ധാരാളമായി ഇത്തരം ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കുന്നു. ഇതെല്ലാം രോഗവ്യാപനം വർദ്ധിക്കുവാൻ ഇടയാക്കും എന്നാണ് ഇവർ പറയുന്നത്.
അതുപോലെ ചില മേഖലകളിൽ, മറ്റുള്ള വീടുകളിൽ പോയി ജോലി എടുക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്, ഉദാഹരണത്തിന് നാനി പോലുള്ള അത്യാവശ്യമല്ലാത്ത സേവന വിഭാഗങ്ങളിൽ പെടുന്നവർക്ക്. ഇതും വൈറസ് വ്യാപനംവർദ്ധിക്കുന്നതിന് സഹായകരമാകും. അതുപോലെ ക്ലീനർമാർ മുതലായവർ ഒരു വീട്ടിൽ നിന്നും മറ്റ് വീട്ടിലേക്ക് പോകുന്നവരാണ്. ഇതുതന്നെ സമ്പർക്കം വർദ്ധിക്കുവാനുള്ള കാരണമാണ് ഇത് രോഗവ്യാപനം വർദ്ധിപ്പിക്കുവാനേ സഹായിക്കൂ എന്നും ഇവർ പറയുന്നു.
മാർച്ചിലേതിനെ അപേക്ഷിച്ചു നോക്കുമ്പോൾ തണുത്ത കാലാവസ്ഥയാണിപ്പോൾ. ശൈത്യം വൈറസിന് പെരുകാൻ അനുകൂലമായ കാലാവസ്ഥയാണ്. മാത്രമല്ല, ആളുകൾ കൂടുതൽ സമയം വീടുകൾക്കുള്ളിൽ ചെലവഴിക്കുന്നതിനാൽ വായുമാർഗ്ഗമുള്ള വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഇതിനെല്ലാം പുറമേ ഇപ്പോൾ വ്യാപിക്കുന്നത് മുൻഗാമികളേക്കാൾ 70 ശതമാനം വരെ കൂടുതൽ വർദ്ധശേഷിയുള്ള വൈറസാണ്. ഇതെല്ലാം കാണിക്കുന്നത് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രോഗവ്യാപനം നിയന്ത്രിക്കാൻ ഒട്ടും പര്യാപ്തമല്ല എന്നാണ്.
ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതും, ചെറിയ അളവിലാണെങ്കിൽ പോലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആരാധനാലയങ്ങൾ അടച്ചിടണമെന്നാവശ്യപ്പെട്ട് ലണ്ടൻ മേയർ രംഗത്തെത്തിയത്. ലണ്ടന് പുറത്തേക്കും പുതിയ വൈറസ് അതിവേഗം പരക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. മിക്ക ആശുപത്രികളും ഉൾക്കൊള്ളാവുന്നതിന്റെ പരാമവധി രോഗികളെ ഉൾക്കൊള്ളുന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ലോക്ക്ഡൗൺ ഒരാഴ്‌ച്ച പിന്നിടുമ്പോഴും രോഗവ്യാപനത്തിൽ കുറവില്ലെന്നത്, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പര്യാപ്തമല്ലേന്നതിന്റെ തെളിവായി ഇത്തരക്കാർ ചൂണ്ടിക്കാട്ടുകയാണ്.
വാക്സിനേഷൻ എടുത്ത് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
ലോകത്തിലെ തന്നെ ഏറ്റവും വ്യാപകമായ വാക്സിൻ മാമങ്കത്തിൽ പങ്കാളികളാവുകയാണ് ബ്രിട്ടീഷ് രാജ്ഞിയും രാജകുമാരനും. ഓക്സ്ഫോർഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകൊണ്ടാണ് ഇരുവരും ഈ ചരിത്ര പദ്ധതിയിൽ ഭാഗഭാഗാവുന്നത്. പൊതുജനങ്ങൾക്ക് പ്രചോദനം ലഭിക്കുവാനായി ഇക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 94 വയസ്സുള്ള രാജ്ഞിയും 98 കാരനായ രാജകുമാരനും ഇന്നലെയായിരുന്നു വാക്സിൻ സ്വീകരിച്ചത്.
ബെർക്ക്ഷയർ ഭാഗത്ത് മറ്റുള്ളവർക്ക് പ്രതിരോധ മരുന്ന് ലഭ്യമായ സമയത്താണ് ഇവർക്കും ഇത് നൽകിയത്. പ്രത്യേക ചികിത്സ നൽകുന്നു എന്ന ആരോപണം ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഇന്നലത്തെ ആദ്യ ഡോസിന് ശേഷം രണ്ടാം ഡോസ് നൽകുന്നതും ക്രമപ്രകാരം തന്നെയായിരിക്കും. പ്രത്യേക പരിഗണനകൾ ഒന്നും തന്നെയില്ലെന്ന് അധികാർകേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ