ഫിലോമിന കൊടുങ്കാറ്റിന്റെ പ്രഭാവത്തിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്‌ച്ച മാഡ്രിഡിൽ ജീവിതം സ്തംഭിപ്പിക്കുക മാത്രമല്ല, യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. മഞ്ഞുവീഴ്‌ച്ചയിൽ പെട്ടുപോയ കാറുകളിൽ നിന്നും യാത്രക്കാരെരക്ഷപ്പെടുത്താൻ പലയിടങ്ങളിലും സുരക്ഷാ പ്രവർത്തകർക്ക് എത്തേണ്ടിവന്നു. ഗതാഗതം സ്തംഭിച്ച 400 ഹൈവേകളിൽ സ്പാനിഷ് തലസ്ഥാനത്തിനടുത്തുള്ള എം -30, എം-40 എന്നിവയും ഉൾപ്പെടുന്നു. കടുത്ത കാലാവസ്ഥയിൽ ഇതുവരെ നാലോളം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

തികച്ചും അപ്രതീക്ഷിതമായ കൊടുങ്കാറ്റ് ആക്രമണത്തിൽ പകച്ചുപോയ സ്പാനിഷ് സർക്കാർ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയുവാൻ ഉത്തരവിട്ടു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. തലസ്ഥാനം ഉൾപ്പടെ പത്ത് മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കൂടുതൽ കനത്ത മഞ്ഞുവീഴ്‌ച്ചയുണ്ടാകും എന്ന പ്രവചനത്തെ തുടർന്നാണിത്. ഏകദേശം 147 സൈനികരെയാണ് സുരക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഡ്രിഡിന് വടക്ക് പടിഞ്ഞാറുള്ള സരാസെലേജോയിൽ മഞ്ഞിനടിയിൽ പെട്ട ഒരു കാറിനുള്ളിൽ ഒരു 54 കാരൻ ശ്വാസം മുട്ടി മരിച്ചു. ഇതുൾപ്പടെ നാല് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണമടഞ്ഞവരിൽ രണ്ടാമൻ ഹൈപോതെർമിയ മൂലമാണ് മരിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. മരിച്ച മറ്റു രണ്ടുപേർ 56 വയസ്സുള്ള ഒരു കൊളംബിയൻ സ്ത്രീയും 46 വയസ്സുള്ള ഒരു സ്പെയിൻകാരനുമാണ്. ഇവർ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ഫ്യുൻഗിരിലോ നദിയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഇതിൽ ഉണ്ടായിരുന്ന വേറെ രണ്ടുപേർ രക്ഷപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലം മാഡ്രിഡിലെ ബരാജാസ് വിമാനത്താവളം വെള്ളിയാഴ്‌ച്ച അടച്ചിട്ടിരുന്നു. മാഡ്രിഡ്, മലാഗ, ടെനേർഫി ക്യുറ്റ എന്നിവിടങ്ങളിലേക്കുള്ള അമ്പതോളം വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിനു പുറമേ മാഡ്രിഡ്, അലികാന്റെ, വലേനിക്ക എന്നീ നഗരങ്ങളിലെ അതിവേഗ ട്രെയിൻ സർവ്വീസുകളും തത്ക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. മാഡ്രിഡിനകത്ത് ബസ്സ് സർവ്വീസുകളും നിർത്തിവച്ചു.

കനത്ത തണുപ്പിൽ കോച്ചിവിറച്ച് ബ്രിട്ടൻ

താപനില മൈനസ് 7 ഡിഗ്രിയോളം താഴുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ബ്രിട്ടനിൽ മറ്റൊരു വാണിങ് കൂടി പുറപ്പെടുവിച്ചു. വടക്കൻ ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ് എന്നിവിടങ്ങളിൽ ഞായറാഴ്‌ച്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച്ച വരെ തണുത്ത കാലാവസ്ഥ നിലനിൽക്കും എന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി ഇംഗ്ലണ്ടിലും വെയിൽസിലും അന്തരീക്ഷ താപനില മൈനസ് 7 ഡിഗ്രി വരെയായി കുറഞ്ഞു. ഞായറാഴ്‌ച്ച ഉച്ചയോടെ തണുപ്പിന് അല്പംശമനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ സുപ്രധാന കാലാവസ്ഥ മുന്നറിയിപ്പുകൾ ഒന്നും തന്നെ നിലനിൽക്കുന്നില്ലെങ്കിലും കൊടുംശൈത്യം ഈ ആഴ്‌ച്ച മുഴുവനും നിലനിൽക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ ഇംഗ്ലണ്ടിലും മദ്ധ്യ ഇംഗ്ലണ്ടിലും മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ രാത്രിയായിരുന്നു ഈ ശത്യകാലത്തെ ഏറ്റവും തണുപ്പുള്ള രാത്രിക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചത്. നോർത്തംപർലാൻഡിൽ താപനില മൈനസ് 11 ഡിഗ്രിവരെയായി താഴ്ന്നു. അതേസമയം സ്‌കോട്ട്ലാൻഡിൽ ഉയർന്ന പ്രദേശങ്ങളിൽ മൈനസ് 11.6 ഡിഗ്രിയായിരുന്നു അന്തരീക്ഷ താപനില.

മഞ്ഞുവീണു മൂടിക്കിടക്കുന്ന നിരത്തുകളിൽ വാഹനമോടിക്കുന്നവർക്ക് അതീവ് ശ്രദ്ധവേണമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ നിരത്തുകളിൽ നിന്ന് തെന്നിമാറിയും മറ്റു ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണിത്. ഡുറാം കൗണ്ടിയിൽ എ 1 ൽ ഇന്നലെ ഗതാഗതം സ്തംഭിച്ചതോടെ നാല് മണിക്കൂറുകളോളമാണ് മിക്ക വാഹനങ്ങൾക്കും കാത്തുകിടക്കേണ്ടി വന്നത്. നോർത്തംബർലാൻഡിൽ ഒട്ടേർബേണിനടുത്തായി ഒരു ലോറി അപകടത്തിൽ പെട്ടു.