ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ തോക്കുമായി ഇറങ്ങി വെടിവയ്പ് നടത്തി 32കാരൻ. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ജേസൺ നൈറ്റിങ്‌ഗേൽ എന്ന 32കാരനാണ് ആക്രമണം അഴിച്ചു വിച്ചത്. ഇയാളെ പൊലീസ് ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു.

ശനിയാഴ്ച രാത്രി 1.50ഓടെയാണ് നഗരത്തെ ഞെട്ടിച്ചുകൊണ്ട് കൊലപാതക പരമ്പര അരങ്ങേറിയത്. തോക്കുമായി എത്തിയ ജേസൺ ഷിക്കാഗോയിലെ സൗത്ത് ഈസ്റ്റ് എൻഡ് അവന്യുവിലുള്ള കാർ പാർക്കിൽ കടക്കുകയും കാറിൽ ഇരുന്ന 30കാരനായ യുവാവിനെ വെടിവെച്ചു കൊല്ലുകയും ആയിരുന്നു. ഇതായിരുന്നു ആദ്യത്തെ കൊലപാതകം. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. ഷിക്കാഗോ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്നു മരിച്ച യുവാവ്.

തുടർന്ന് അതേ സ്ട്രീറ്റിലുള്ള അപ്പാർട്‌മെന്റിൽ പ്രവേശിച്ച യുവാവ് രണ്ട് മണിയോടെ അഅവിടുത്തെ സെക്യൂരിറ്റി ഗാർഡായ യുവതിയെ വെടിവെച്ചു കൊന്നു. നെഞ്ചിന് വെടിയേറ്റാണ് അവർ മരിച്ചത്. കൂടാതെ ഒരു 77കാരിയേയും വെടിവെച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഗുരുതരാവസ്ഥയിൽ ആണ്. തുടർന്ന് 2.45 ഓടെ സൗത്ത് ഈസ്റ്റ് അവന്യുവിലുള്ള മറ്റൊരു കെട്ടിടത്തിൽ പ്രവേശിച്ച ഇയാൾ തനിക്ക് അറിയാവുന്ന ഒരാളെ തന്നെയാണ് പിന്നീട് വെടിവെച്ച് വീഴ്‌ത്തിയത്. ഇയാളുടെ അപ്പാർട്ട്‌മെന്റിലെത്തി കാറിന്റെ താക്കോൽ ആവശ്യപ്പെട്ട ശേഷമാണ് വെടിവെച്ചിട്ടത്. തുടർന്ന് കാറിൽ അവിടെ നിന്നും രക്ഷപ്പെട്ടു.

ശേഷം 3.45ഓടെ സൗത്ത് ഹാൾസ്റ്റഡ് സ്ട്രീറ്റിലുള്ള ഒരു കടയിൽ പ്രവേശിച്ച ഇയാൾ 20കാരനായ ഒരു യുവാവിനെയും 81കാരിയേയും വെടിവെച്ചിട്ടു. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിയും യുവാവ് മരിച്ചു. തലയ്ക്ക് വെടിയേറ്റ വൃദ്ധ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തുടർന്ന് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന 15കാരിയുടെ തലയ്ക്ക് വെടിവെച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരണത്തോട് മല്ലടിക്കുകയാണ്. തുടർന്ന് തിരികെ ആ സ്‌റ്റോറിൽ തന്നെ എത്തിയ യുവാവിനെ പൊലീസ് വെടിവെച്ചിട്ടു. വെടിവെയ്‌പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. 2005ൽ മയക്കു മരുന്ന്, തോക്ക് ഉപയോഗം തുടങ്ങി നിരവധി കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.