മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന. സർക്കാർ ഇലക്ട്രോണിക് പണമിടപാടുകൾക്ക് മുൻഗണന നൽകുമ്പോൾ വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ അഞ്ച് ലക്ഷം കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ നേരിടാൻ ജനം സമ്പാദ്യം പണമായി കയ്യിൽക്കരുതിയതോടെയാണ് രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സാമ്പത്തികവർഷത്തിലെ ആദ്യ ഒമ്പത് മാസത്തിനിടെ വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ 13% വർധനയാണു രേഖപ്പെടുത്തിയത്. 2020 മാർച്ച് 31ന് രാജ്യത്താകെ വിനിമയത്തിലുള്ള കറൻസി 24.47 ലക്ഷം കോടി രൂപയുടേതായിരുന്നെങ്കിൽ ഈ ജനുവരി ഒന്നിന് അത് 27.70 ലക്ഷം കോടി രൂപയായി ഉയർന്നു. 9 മാസം കൊണ്ട് വിനിമയത്തിനെത്തിയത് 3.23 ലക്ഷം കോടി രൂപയുടെ കറൻസി (13.2%). അതേ സമയം, 2020 കലണ്ടർ വർഷത്തിൽ ആകെ 22.1% ആണ് വർധന (5.01 ലക്ഷം കോടി രൂപ). ഏപ്രിൽഡിസംബർ മാസങ്ങളിൽ മാത്രം 6% വർധനയുണ്ടായി. റിസർവ് ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്.

കറൻസി നോട്ടുകളായും നാണയങ്ങളായും രാജ്യത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പക്കലുള്ള പണത്തെയാണു വിനിമയത്തിലുള്ള കറൻസിയെന്നു വിശേഷിപ്പിക്കുന്നത്. 2016ൽ നോട്ട് നിരോധനത്തെ തുടർന്ന് വിനിമയ കറൻസിയുടെ അളവിൽ 9 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. പിന്നീട്, പുതിയ നോട്ടുകൾ അച്ചടിച്ചു പ്രചാരത്തിലെത്തിയപ്പോൾ അളവ് വർധിച്ചു.

കോവിഡ് സാഹചര്യത്തിൽ തൊഴിൽനഷ്ടം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടാൻ വിവിധ രൂപങ്ങളിൽ കരുതിയിരുന്ന സമ്പത്ത് ആളുകൾ പണമാക്കി മാറ്റി കയ്യിൽ കരുതിയതാണു വിനിമയത്തിലുള്ള കറൻസിയുടെ അളവ് വർധിക്കാനുള്ള പ്രധാനകാരണം. കറൻസിക്ഷാമം ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു.