- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐഎഇഎ പുറത്താക്കും; യുഎസ് ഉപരോധങ്ങൾക്കെതിരെ അന്ത്യശാസനവുമായി ഇറാൻ
ടെഹ്‌റാൻ: യുഎസിന് ഇറാന്റെ അന്ത്യശാസനം. യുഎസ് ഉപരോധങ്ങൾ ഫെബ്രുവരി 21നകം നീക്കിയില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ (ഐഎഇഎ) രാജ്യത്തുനിന്നു പുറത്താക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സാമ്പത്തികം, ബാങ്കിങ്, എണ്ണ മേഖലകളിലെ ഉപരോധം നീക്കിയില്ലെങ്കിൽ രാജ്യാന്തര ആണവോർജ ഏജൻസി പ്രതിനിധികളെ തീർച്ചയായും രാജ്യം പുറത്താക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അണ്വായുധം നിർമ്മിക്കുന്നതിലേക്കു വഴിവയ്ക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ പാർലമെന്റ് ഡിസംബറിൽ അനുമതി നൽകിയതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം. സ്വമേധയാ അധിക പ്രോട്ടോക്കോൾ എർപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും അവസാനിപ്പിക്കുമെന്നും പാർലമെന്റ് അംഗം അഹമ്മദ് അമിറാബദി ഫറഹാനി പറഞ്ഞു. 2015ൽ ഇറാനും മറ്റു ലോക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി യുഎസ് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു. ഡോണൾഡ് ട്രംപ് മാറി ഈ മാസം 20ന് ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ ഇരിക്കെയാണ് ഇറാന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം.
2015ലെ കരാറിലെ പല നിയന്ത്രണങ്ങളും ഇറാൻ ലംഘിച്ചെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസിയുമായി ഇപ്പോഴും സഹകരിക്കുന്നുണ്ട്. ഐഎഇഎയുടെ നിരീക്ഷകരെ പ്ലാന്റിലേക്ക് പരിശോധനയ്ക്കായി കടത്തിവിടുന്നുമുണ്ട്. ഇത് അവസാനിപ്പിക്കുമെന്ന ഭീഷണയെ ആശങ്കയോടെയാണു ലോകം കാണുന്നത്.