മുംബൈ: പോയ വർഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കോവിഡ് മാലിന്യം. ജൂൺമുതലുള്ള ഏഴുമാസം കൊണ്ടാണ് രാജ്യത്ത് ഇത്രയധികം മാലിന്യങ്ങൾ സൃഷ്ടിക്കപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മാലിന്യം. 3587 ടൺ കോവിഡ് മാലിന്യമാണ് മഹാരാഷ്ട്രയിൽ സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 3300 ടൺ കോവിഡ് മാലിന്യമാണ് കേരളത്തിലുള്ളത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി.) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മാലിന്യം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 5500 ടൺ. ജൂണിനുശേഷം ഡിസംബർവരെ രാജ്യത്തെ 198 കോവിഡ് അനുബന്ധ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലായി ആകെ 32,994 ടൺ മാലിന്യം സംസ്‌കരിച്ചതായാണ് സി.പി.സി.ബി. വ്യക്തമാക്കിയിരിക്കുന്നത്. പി.പി.ഇ. കിറ്റുകൾ, മാസ്‌കുകൾ, ഷൂ കവർ, ഗ്ലൗസ്, രക്തംപുരണ്ട മാലിന്യം, ശരീരസ്രവംപുരണ്ട വസ്ത്രങ്ങൾ, പ്ലാസ്റ്റർ, കോട്ടൺ സ്വാബുകൾ, ബെഡുകൾ, ബ്ലഡ് ബാഗുകൾ, സിറിഞ്ച്, സൂചി തുടങ്ങിയ മാലിന്യമാണ് ഇവയിലധികവും.

കോവിഡ് വ്യാപനത്തെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് 2020 മാർച്ചിൽ സി.പി.സി.ബി. പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്‌കരണ നടപടികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ബോർഡ് മേയിൽ കോവിഡ്-19 ബി.ഡബ്ല്യു.എം. എന്ന മൊബൈൽ ആപ്പും അവതരിപ്പിച്ചു. 2020 ജൂലായിൽ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും ആപ്പ് നിർബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൈവശമുള്ളത്.

കൂടുതൽ മാലിന്യം സൃഷ്ടിച്ചതിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ 3086 ടണ്ണുമായി ഗുജറാത്താണുള്ളത്. തമിഴ്‌നാട് 2806 ടൺ, ഉത്തർപ്രദേശ് 2502 ടൺ, ഡൽഹി 2471 ടൺ, പശ്ചിമബംഗാൾ 2095 ടൺ, കർണാടക 2026 ടൺ എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്. ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 1.04 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.