പാലക്കാട്: പാലക്കാട് നഗരസഭാ മന്ദിരത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബിജെപി പതാക കെട്ടിയ നിലയിൽ. ആരാണ് ഗാന്ധി പ്രതിമയിൽ പതാക കെട്ടിയതെന്ന് വ്യക്തമല്ല. ഇന്നലെ നഗരസഭയിൽ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു ശേഷമാണ് നഗരസഭാമന്ദിര വളപ്പിലെ പാർക്കിൽ സ്ഥിതിചെയ്യുന്ന പ്രതിമയുടെ കഴുത്തിൽ ബിജെപി പതാക കെട്ടി വെച്ചിരിക്കുന്ന നിലയിൽ കണ്ടത്്.

നഗരസഭ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണ് ഇതിനു പിന്നിലെന്നു ബിജെപി ആരോപിച്ചു. ഇന്നലെ നഗരസഭയിൽ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു പതാക ശ്രദ്ധയിൽപെട്ടത്. യുഡിഎഫ് കൗൺസിലർമാരാണ് ആദ്യം കണ്ടത്. തുടർന്ന് അവർ ദേശീയപതാകയുമായി ഗാന്ധിപ്രതിമയ്ക്കു മുൻപിൽ ധർണ നടത്തുകയും നഗരസഭാധ്യക്ഷയുടെ ഓഫിസ് ഉപരോധിക്കുകയും ചെയ്തു. പിന്നാലെ ധർണയുമായി എത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിമയിൽ മാല ചാർത്തി സംരക്ഷണവലയം തീർത്തു.പതാക പൊലീസ് അഴിച്ചുമാറ്റി. നഗരസഭാധികൃതർ ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. വോട്ടെണ്ണൽ ദിനത്തിൽ, ബിജെപി ഭൂരിപക്ഷം ഉറപ്പാക്കിയതിനു പിന്നാലെ ചില പ്രവർത്തകർ നഗരസഭാ മന്ദിരത്തിൽ ജയ് ശ്രീരാം ബാനറുകൾ പ്രദർശിപ്പിച്ചതു വിവാദമായിരുന്നു.