ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽനിന്ന് ചൈന 10,000 സേനാംഗങ്ങളെ പിൻവലിച്ചു. അതേസമയം അതിർത്തിയിലെ സംഘർഷത്തിന് അയവില്ലെന്നും കൊടും തണുപ്പു മൂലമാണിതെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. ഇവർക്കു പകരം കാവൽ നിൽക്കാനുള്ള സൈനികരെ ചൈന ഉടനെത്തിച്ചേക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ എന്നിവർ ഇന്നലെ ലഡാക്കിലെ അതിർത്തി മേഖലകൾ സന്ദർശിച്ചു.

ഇതിനിടെ, കിഴക്കൻ ലഡാക്ക് അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സേന ചൈനയ്ക്കു കൈമാറി. ഇന്നലെ രാവിലെ 10ന് അതിർത്തിയിൽ ഇരുസേനകളും കൂടിക്കാഴ്ച നടത്തുന്ന ചുഷൂൽ മോൾഡോ സെക്ടറിലായിരുന്നു കൈമാറ്റം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ അതിർത്തി ലംഘിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും ഗൂഢലക്ഷ്യങ്ങളില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി സേനാ വൃത്തങ്ങൾ പറഞ്ഞു.