- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓക്സിജൻ റേഷനിങ് ആരംഭിച്ചു; തലങ്ങുംവിലങ്ങും പിഴ; കഴിഞ്ഞയാഴ്ച്ചത്തെ ശരാശരി മരണ നിരക്ക് 931; സാമൂഹ്യ അകലം മൂന്ന് മീറ്ററായി ഉയർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം; യുകെയിൽ വമ്പൻ പ്രതിസന്ധി
എല്ലാ യുദ്ധമുറകളും പയറ്റിയിട്ടും നിർബാധം തന്റെ തേരോട്ടം തുടരുകയാണ് കൊറോണയുടെ പുതിയ വകഭേദം. മുൻഗാമികളേക്കാൾ വ്യാപനശേഷി അധികമുള്ള ഈ ഇനം വൈറസ് ബ്രിട്ടനെ കടുത്ത ദുരിതത്തിലാഴ്‌ത്തുമ്പോൾ, എന്തുവിലകൊടുത്തും രോഗവ്യാപനം നിയന്ത്രിക്കുവാനുള്ള തത്രപ്പാടിലാണ് ഭരണകൂടവും. സമൂഹിക അകലം ഒരു മീറ്റർ പ്ല്സ് എന്നത് മൂന്നു മീറ്ററായി വർദ്ധിപ്പിക്കണം എന്ന ആവശ്യം ശക്തമായി വരികയാണ് ബ്രിട്ടനിലിപ്പോൾ. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആഞ്ഞടിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ആവശ്യമെങ്കിൽ, ഇത് പരിഗണിക്കുന്ന കാര്യം തള്ളിക്കളയാൻ ആവില്ലെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ ആളുകൾക്ക് കണ്ടുമുട്ടാം എന്നതുൾപ്പടേയുള്ളവ നീക്കം ചെയ്യുവാൻ സമയമായിരിക്കുന്നു എന്നാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞത്. നിലവിൽ സാമൂഹിക അകലം വർദ്ധിപ്പിക്കുവാനുള്ള ആലോചനയില്ലെന്നും, എന്നാൽ നിർദ്ദേശങ്ങൾ എല്ലാം പരിഗണിച്ച് ഭാവിയിൽ തീരുമാനം എടുക്കും എന്നുമായിരുന്നു ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചത്.
അതേസമയം, മാർച്ച് മാസത്തിലെ ലോക്ക്ഡൗൺ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ ആവശ്യമാണെന്ന അഭിപ്രായമാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിക്ക്. ചൈനയിൽ നടപ്പാക്കിയ രീതിയിൽ, ആളുകൾ വീടിന് പുറത്തേക്ക് പോകുന്നത് പാടെ വിലക്കിക്കൊണ്ടുള്ള ഒരു ലോക്ക്ഡൗണും ചർച്ചക്ക് വന്നിരുന്നു. നിലവിൽ കായികവ്യായാമത്തിനായി നൽകിയിരിക്കുന്ന ഒരുമണിക്കൂർ ഇളവ് പലരും തങ്ങളുടെ സുഹൃത്തുക്കളുമായി ഒത്തുചേരുവാനും മറ്റുമായി ദുരുപയോഗം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം വന്നിരിക്കുന്നത്.
അതേസമയം മരണദേവൻ അഴിഞ്ഞാടിയ ഒരാഴ്‌ച്ചയായിരുന്നു ബ്രിട്ടനിൽ കടന്നുപോയത്. ഏഴു ദിവസത്തെ ശരാശരി മരണ നിരക്ക്, ആദ്യ കൊറോണയുടെ കാലത്ത് കണ്ടതിലും കൂടുതലായിരുന്നു. കഴിഞ്ഞ ആഴ്‌ച്ചയിലെ പ്രതിദിന ശരാശരി മരണനിരക്ക് 931 ആയിരുന്നു. കൊറോണയുടെ ഒന്നാം വരവിൽ ഏറ്റവും അധികം പ്രതിവാര ശരാശരി രേഖപ്പെടുത്തിയത് ഏപ്രിൽ 6 നും 12 നും ഇടയിലുള്ള ആഴ്‌ച്ചയിലായിരുന്നു. അന്ന് പ്രതിദിന ശരാശരി 920 ആയിരുന്നു.
ഇന്നലെ 529 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 46,169 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡിസംബർ 28 ന് ശേഷം ഇതാദ്യമായാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 50,000 ൽ താഴെയാകുന്നത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനം കുറവുമാണിത്.ഈ കണക്കുകൾ സർക്കാരിന് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, ആശ്വസിക്കാൻ വകയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.
അതുകൊണ്ടുതന്നെയാണ് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുന്നത്. സമ്പർക്കത്തിനായി രൂപീകരിച്ച ബബിളുകൾ ഇല്ലാതെയാക്കുക. വീടിനു വെളിയിൽ മാസ്‌ക് നിർബന്ധമാക്കുക, വ്യായാമ മുറകൾക്ക് അനുവദിച്ചിട്ടുള്ള സമയം വെട്ടിച്ചുരുക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. അതിനിടയിൽ സാമൂഹിക അകലം മൂന്ന് മീറ്ററായി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്.
ഇതുവരെ ബ്രിട്ടനിൽ 2.3 ലക്ഷം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി മാറ്റ് ഹാൻകോക്ക് പറഞ്ഞു. നിലവിൽ പ്രതിദിനം 2 ലക്ഷം പേർക്ക് വരെ വാക്സിൻ നൽകുന്നുണ്ട്. ഈ വെള്ളിയാഴ്‌ച്ച മുതൽ പ്രതിദിനം 2 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്നായിരുന്നു ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്തിരുന്നത് എങ്കിലും പ്രതീക്ഷിച്ചതിലും നേരത്തേ അത് കൈവരിക്കാനായി എന്നത് ആശ്വാസകരമാണ്. പ്രതിരോധ കുത്തിവയ്പ് ലഭിച്ചവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം, ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുൻ ദിവസങ്ങളീലേതിനേക്കാൽ കുറവാണ് എന്നതും ആശ്വാസം പകരുന്നുണ്ട്.