രംഭതിൽ ഉണ്ടായിരുന്ന ചില തടസ്സങ്ങൾ ഒഴിവാക്കി വാക്സിൻ പരിപാടി മുന്നേറിയതോടെ ഏപ്രിൽ അവസാനത്തോടെ ബ്രിട്ടനിലെ 50 വയസ്സിന് മേൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന വിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ 32 മില്ല്യൺ ബ്രിട്ടീഷുകാർക്ക് 16 ആഴ്‌ച്ചകൾ കൊണ്ട് വാക്സിൻ നൽകണം. അതായത്, ഓരോ ആഴ്‌ച്ചയിലും 2 മില്ല്യൺ ആളുകൾക്ക് വീതം വാക്സിൻ നൽകേണ്ടതായി വരും. ഇത്തരമൊരു മഹാ കൃത്യത്തിനാണ് ഇപ്പോൾ ബ്രിട്ടൻ തയ്യാറെടുക്കുന്നത്.

2,700 കേന്ദ്രങ്ങളിലായി 80,000 ൽ അധികം ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരും ഇതിനായിട്ടുണ്ട്. വാക്സിനേഷനായുള്ള ടാസ്‌ക്ഫോഴ്സിലെ അംഗങ്ങളുടെ എണ്ണം 3 ലക്ഷമായി വർദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്. ഇന്നലെ പ്രസിദ്ധപ്പെടുത്തിയ 47 പേജുള്ള വാക്സിനേഷൻ മാസ്റ്റർപ്ലാനിലാണ് ഈ വിവരങ്ങൾ ഉള്ളത്. ആദ്യഘട്ടത്തിൽ എൻ എച്ച് എസ് ജീവനക്കാർ, കെയർ ഹോം ജീവനക്കാർ, അന്തേവാസികൾ, പ്രായമേറിയവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്കായിരുന്നു മുൻഗണന നൽകിയത്.

വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുക അദ്ധ്യാപകർ, പൊലീസ്, കടകളിലെ ജീവനക്കാർ, പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ എന്നിവർക്കായിരിക്കും. 70 ന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ പ്രവർത്തകർ, കെയർ ഹോം അന്തേവാസികൾ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന 15 ദശലക്ഷം പേർക്ക് ഫെബ്രുവരി 15 ന് മുൻപായി വാക്സിൻ ഡോസുകൾ നൽകും. രാജ്യത്തെ എല്ലാ പൗരന്മാർക്കും വക്സിൻ നൽകുക എന്ന ഉദ്ദേശത്തിൽ വ്യാപകമായ പദ്ധതിയാണ് രൂപീകരിച്ചിട്ടുള്ളത്.

ഇതുവരെ 2.6 മില്ല്യൺ ഡോസുകളാണ് നൽകിയിട്ടുള്ളത്. 80 വയസ്സിനു മുകളിലുള്ളവരിൽ അഞ്ചിൽ രണ്ടു പേർക്കും, കെയർ ഹോമുകളിലെ പ്രായമായ അന്തേവാസികളിൽ 25 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞു. ജനുവരി അവസാനത്തോടെ 43വലിയ വാക്സിൻ കേന്ദ്രങ്ങൾ കൂടി തുറക്കും. ഇതോടെ ആയിരക്കണക്കിന് ആളുകൾക്ക് ദിനംപ്രതി വാക്സിൻ നൽകാൻ കഴിയും. ഫാർമസികൾ, ജി പി കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയും ഇതിൽ ഭാഗഭാഗാകും.

ഇതോടെ ബ്രിട്ടനിൽ ആകമാനമായി 1500 വാക്സിൻ കേന്ദ്രങ്ങൾ ഉണ്ടാകും. ഇത് വസന്തകാലത്തോടെ 2,700 ആയി വർദ്ധിപ്പിക്കും. പ്രതിദിനം നൽകുന്ന വാക്സിന്റെ എണ്ണം കഴിഞ്ഞ ഒരാഴ്‌ച്ചയിൽ മൂന്നിരട്ടിയായത്, ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന വിശ്വാസം നൽകുന്നു എന്നാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ തലവൻ സർ സൈമൺ സ്റ്റീഫൻസ് പറഞ്ഞത്. ഏപ്രിൽ മാസം ആദ്യത്തോടെ അപകട സാധ്യത കൂടിയ വിഭാഗങ്ങളിൽ പെട്ട എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കും. പിന്നീട് ഏപ്രിൽ മുതൽ രാജ്യത്തെ ഓരോ പൗരനും വാക്സിൻ നൽകുവാനുള്ള ശ്രമമായിരിക്കും.

ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രങ്ങൾ തുറക്കാൻ കഴിയുമെന്ന് സർക്കാർ പ്രതികരിച്ചു. എന്നാൽ, ഇതുവരെ അതിനുള്ള ആവശ്യം ഉയർന്നിട്ടില്ലെന്നും അതിനാൽ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക പരിശീലനം സിദ്ധിച്ച 80,000 ആരോഗ്യ പ്രവർത്തകർ വാക്സിൻ മാമാങ്കത്തിൽ പങ്കാളികളാകുന്നുണ്ട്. അവരെ സഹായിക്കുവാൻ 2 ലക്ഷത്തോളം കമ്മ്യുണിറ്റി വോളന്റിയേഴ്സും.