സൗദി അറേബ്യ പുതിയ ഇക്കോ സിറ്റി പദ്ധതി പ്രഖ്യാപിച്ചു. 170 കിലോമീറ്ററോളം ദൂരത്തിൽ നീണ്ടുകിടക്കുന്ന ഈ നഗരത്തിൽ കാറുകളും ഇടവഴികളും ഉണ്ടായിരിക്കില്ല. അതുപോലെ കാർബൺ വികിരണത്തിൽ നിന്നും പൂർണ്ണമായും വിമുക്തമായിരിക്കും ഈ നഗരം. 170 കിലോമീറ്റർ ദൂരം താണ്ടുവാൻ എടുക്കുക വെറും 20 മിനിറ്റ് മാത്രമായിരിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. സൗദി സർക്കാരിൽ നിന്നും പൊതു നിക്ഷേപ നിധിയിൽ നിന്നും അതുപോലെ വിവിധ തദ്ദേശ വിദേശ നിക്ഷേപകരിൽ നിന്നുമായി 500 ബില്ല്യൺ ഡോളറാണ് ഈ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ചെങ്കടലിന്റെ തീരത്തുകൂടി 170 കി. മീ നീളത്തിലായിരിക്കും ഈ പുതിയ നഗരം ഉയരുക.

26,000 ത്തോളം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ചെങ്കടൽ തീരത്ത് ഉയരുന്ന ഈ നഗരം ഒരുക്കുന്നത് നിയോം ആണ്. ഇവിടെ പ്രത്യേകം വേർതിരിച്ച വ്യവസായിക മേഖലകളും സേവന മേഖലകളും ഉണ്ടായിരിക്കും. 2025 ഓടെ ഈ പദ്ധതി പൂർത്തീകരിക്കാൻ ആകും എന്നാണ് നിയോം വക്താക്കൾ അറിയിച്ചത്. ഇതിലെ പ്രധാന ഘടകമായ പ്രധാന ലൈൻ മാത്രം ഏകദേശം 100 ബില്ല്യൺ ഡോളറിനും 200 ബില്ല്യൺ ഡോളറിനും ഇടയിൽ ചെലവ് ചെയ്താണ് നിർമ്മിക്കുന്നത്. ഇത് പൂർത്തിയാക്കുവാൻ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും എടുക്കും.

ഈ പുതിയ നഗരത്തിൽ 3.8 ലക്ഷം തൊഴിൽ സാധ്യതകൾ പുതിയതായി ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം ജി ഡി പിയിലേക്ക് 180 ബില്ല്യൺ റിയാൽ ഈ നഗരത്തിൽ നിന്നും കൂട്ടിച്ചേർക്കപ്പെടും. കാറുകൾ നിരോധിക്കപ്പെട്ടിട്ടുള്ള ഇതിലെ പ്രധാന നിരത്തിൽ അൾട്രാ-ഹൈ-സ്പീഡ് ട്രാൻസിറ്റ് സിസ്റ്റമായിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. മൊത്തം 170 കിലോമീറ്റർ ദൂരം താണ്ടാൻ ഇതെടുക്കുന്നത് കേവലം 20 മിനിറ്റ് മാത്രമായിരിക്കുമെന്നും നിയോം വക്താക്കൾ അറിയിച്ചു.

ഈ ലൈനിനോട് അനുബന്ധിച്ച് സ്‌കൂളുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവയും ഉണ്ടായിരിക്കും. ദി ലൈൻ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഇന്നലെ ഒരു ടെലിവിഷൻ പരിപാടിയിലൂടെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പ്രഖ്യാപിച്ചത്. വികസനത്തിനു വേണ്ടി പ്രകൃതിയെ ബലികൊടുക്കുന്നതെന്തിന് എന്ന് ഈ പദ്ധതി പ്രഖ്യാപനത്തിനിടെ അദ്ദേഹം ചോദിച്ചു. പ്രമ്പരാഗത നഗരം എന്ന സങ്കല്പത്തിനു പകരമായി ഭാവിയിലെ നഗരങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

95 ശതമാനം പ്രകൃതിയും സംരക്ഷിച്ചുകൊണ്ടുള്ള ഈ നഗരത്തിൽ 170 കിലോമീറ്റർ ദൂരത്തിൽ ഒരു ദശലക്ഷത്തോളം ആളുകൾക്ക് താമസിക്കാനാവും. എന്നാൽ, കാറുകൾ, ഇടവഴികൾ എന്നിവ ഉണ്ടാകില്ല. ഈ നഗരത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും നിർമ്മിത ബുദ്ധിക്ക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിർണ്ണായകമായ പങ്കുണ്ടാകും. മാത്രമല്ല, 100 ശതമാനം ക്ലീൻ എനർജിയായിരിക്കും ഇവിടെ ഉപയോഗിക്കുക.

ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നതിനുള്ള പ്രിഡക്ടീവ് വഴികൾ നിർമ്മിത ബുദ്ധി തുടർച്ചയായി പഠിച്ച് പ്രാവർത്തികമാക്കും. ഈ വർഷം തന്നെ ഈ നഗരത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.