- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈമോശം വന്ന വാഹനത്തിന്റെ പേരിലെ ജപ്തി ഒഴിവാക്കാം; മാർച്ച് 31 വരെ അവസരം
തിരുവനന്തപുരം: കൈമോശംവന്നതോ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുടെ നികുതി കുടിശ്ശിക കാരണമുള്ള ജപ്തി ഒഴിവാക്കാൻ വാഹന ഉടമകൾക്ക് അവസരംനൽകുന്നു. നാലുവർഷമെങ്കിലും നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്കാണ് ആനുകൂല്യം. രേഖകൾ കൈവശമില്ലെങ്കിലും സത്യവാങ്മൂലംനൽകി കുടിശ്ശിക തീർത്ത് റവന്യൂ റിക്കവറി ഒഴിവാക്കാം. മാർച്ച് 31 വരെ അവസരമുണ്ട്.
എത്ര വർഷത്തെ കുടിശ്ശികയുണ്ടെങ്കിലും നാലുവർഷത്തെ നികുതിയുടെ നിശ്ചിതശതമാനം അടച്ചാൽ മതി. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും സ്വകാര്യവാഹനങ്ങൾക്ക് 40 ശതമാനവുമാണ് അടയ്‌ക്കേണ്ടത്. ജി ഫോം വഴി നികുതി ഇളവ് നേടിയവർക്കും ഈ അവസരം വിനിയോഗിക്കാം.
ഉടമസ്ഥാവകാശം കൈമാറാതെ വാഹനംവിറ്റ നിരവധിപേർക്ക് പഴയവാഹനത്തിന്റെ നികുതി കുടിശ്ശിക ബാധ്യതയായിട്ടുണ്ട്. വർഷങ്ങൾ കഴിയുമ്പോൾ ഉടമയുടെ പേരിൽ നികുതി കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് ലഭിക്കും. ഇതിന് തയാറായില്ലെങ്കിൽ റവന്യൂവകുപ്പുവഴി ജപ്തിയുമുണ്ടാകും. ഇതിലാണ് മോട്ടോർവാഹനവകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ അവസരം നൽകുന്നത്.
വാഹനം വിറ്റവർ വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ച് ഉടമസ്ഥാവകാശം തന്റെ പേരിൽനിന്ന് മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ് എന്നിവ കൃത്യമാണെങ്കിൽ വാഹനം ഉപയോഗത്തിലുണ്ടെന്ന് ഉറപ്പിക്കാം. ഇപ്പോഴത്തെ കൈവശക്കാരെ കണ്ടെത്തി ഉടമസ്ഥാവകാശം മാറ്റിക്കണം. വിസമ്മതിക്കുകയാണെങ്കിൽ പൊലീസിലും മോട്ടോർവാഹനവകുപ്പിലും പരാതിപ്പെടാം.