ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇംഗ്ലണ്ടിലെ കോവിഡിന്റെ മൂർദ്ധന്യഘട്ടം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങിയിരുന്നിരിക്കാം എന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. ജനുവരി 4 നായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിലായിരുന്നു ഏറ്റവും അധികം രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിൽ രോഗവ്യാപനം ശതിപ്പെട്ടത്. പിന്നീട് അത് സാവധാനമെങ്കിലും ക്രമത്തിൽ കുറഞ്ഞുവരികയായിരുന്നു. 2021-ൽ ആദ്യ ആഴ്‌ച്ചയിൽ ലണ്ടൻ, തെക്ക് കിഴക്കൻ ഇംഗ്ലണ്ട്, കിഴക്കൻ ഇംഗ്ലണ്ട് തുടങ്ങിയ ഭാഗങ്ങളിൽ അതി തീവ്രമായിരുന്നു രോഗവ്യാപനം. പിന്നീട് അത് കുറഞ്ഞു വരുന്നതാണ് കണ്ടത്.

ക്രിസ്ത്മസ്സിന് മുൻപുള്ള ആഴ്‌ച്ച തന്നെ ഈ മേഖലയിലുള്ളവർ ടയർ-4 നിയന്ത്രണങ്ങൾക്ക് കീഴിൽ വന്നിരുന്നു. അതിനു ശേഷമാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്. ഡിസംബറിൽ നിലനിന്നിരുന്ന പ്രാദേശിക ലോക്ക്ഡൗൺ ഫലവത്തായി എന്ന് സൂചിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവന്നത്. എന്നിട്ടും, കൂടുതൽ കാര്യക്ഷമമായി കോവിഡ് നിയന്ത്രിക്കുവാനായിട്ടായിരുന്നു ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ഏറെ ആശ്വാസം പകർന്നു കൊണ്ട്, ഇന്നലെ, കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ രോഗവ്യാപനതോതിൽ 25 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായത്. 45,533 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.എന്നാൽ, ഇത് ലോക്ക്ഡൗണിന്റെ ഫലമാണോ എന്ന് പറയുവാൻ ഇനിയും കഴിയില്ല. കാരണം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദൃശ്യമാകുമ്പോഴും, ഈ ഭാഗങ്ങളിലെല്ലാം ലോക്ക്ഡൗണിന് മുൻപായിടയർ 4 നിയന്ത്രണങ്ങളായിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കണം.

അതേസമയം, രോഗവ്യാപനം കുറഞ്ഞു എന്നതിന്റെ പേരിൽ ടയർ-3 ൽ നിന്നും ടയർ-2 ലേക്ക് താഴ്‌ത്തിയ ലിവർപൂളിൽ വർഷാവസാനത്തോടെ കേസുകളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ഇപ്പോഴും ഇവിടെ രോഗവ്യാപനതോത് വർദ്ധിക്കുക തന്നെയാണ്. എന്നിരുന്നാലും ഈ വർദ്ധനവിന്റെ വേഗതയ്ക്ക് ലോക്ക്ഡൗൺ കാലത്ത് ഒരു കുറവ് വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, മരണനിരക്ക് ഇപ്പോഴും ഭയാശങ്കകൾ ജനിപ്പിക്കുകയാണ്. 1,234 പേരാണ് ഇന്നലെ കോവിഡ് ബാധമൂലം മരണമടഞ്ഞത്. 45,533 പേർക്ക് കൂടി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇനിയും കടുപ്പം കൂട്ടുമോ എന്ന ആശങ്കയും ഉയർന്നു വന്നിട്ടുണ്ട്. മൊത്തം രോഗവ്യാപനകാലത്തെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ പ്രതിദിന മരണനിരക്കായിരുന്നു ഇന്നലെ ബ്രിട്ടൻ കണ്ടത്.

ആശങ്കകൾക്കിടയിലും വാക്സിനേഷൻ പദ്ധതി പുരോഗമിക്കുന്നുണ്ട്. തുടക്കം മന്ദഗതിയിലാണെങ്കിലും, ആദ്യത്തെ തടസ്സങ്ങൾ ഒക്കെ നീക്കി വീണ്ടും ധൃതഗതിയിൽ ആയിരിക്കുന്നു. ഇന്നലെ 1,65,000 പേർക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ 2.4 ബ്രിട്ടീഷുകാർക്ക് വാക്സിനേഷന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ബോറിസ് ജോൺസൺ തന്റെ സംഘത്തിലെ മുതിർന്ന അംഗങ്ങളുമായി ഇന്നലെ വെച്വൽ മീറ്റിങ് നടത്തി. റെസ്റ്റോറന്റുകളിലെ ടേക്ക് എവേ, വ്യായാമ സമയത്ത് ഒരാളുമായി ഒത്തുചേരുക എന്നീ കാര്യങ്ങൾക്ക് കൂടി അനുമതി നിഷേധിക്കാൻ ഇടയുണ്ടെന്നാണ് മീറ്റിംഗിന് ശേഷം ചില ഉന്നതകേന്ദ്രങ്ങൾ നൽകുന്ന സൂചന.

എൻ എച്ച് എസിന് മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനോടൊപ്പം സ്ഥലപരിമിതിയും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ വേഗം രോഗവ്യാപന തോത് നിയന്ത്രിച്ചു കൊണ്ടുവരേണ്ടതുണ്ട്. അതിനായി കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.