ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് ജർമ്മനിയെ കീഴടക്കാൻ ഒരുങ്ങുകയാണ്. അതിനെ കീഴടക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കിയിരിക്കുന്നു ജർമ്മനി. ബ്രിട്ടീഷ് വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ, ഈസ്റ്റർ കാലമാകുമ്പോഴേക്കും നിലവിലുള്ളതിന്റെ പത്തിരിട്ടി രോഗികൾ ജർമ്മനിയിൽ ഉണ്ടാകുമെന്നാണ് ചാൻസലർ ഏഞ്ചെലാ മെർക്കൽ പറഞ്ഞത്. മുൻഗാമികളേക്കാൾ വ്യാപനശേഷി കൂടുതലുള്ള ഈ വൈറസിനെ നിയന്ത്രിക്കാൻ നിലവിലെ ലോക്ക്ഡൗൺ ഏപ്രിൽ വരെ നീട്ടേണ്ടി വന്നേക്കുമെന്നും അവർ സൂചിപ്പിച്ചു.

നേരത്തേ, വുഹാനിൽ നിന്നെത്തിയ വൈറസിനെ സൂചിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ചൈനാ വൈറസ് എന്ന വാക്ക് ഉപയോഗിച്ചപ്പോൾ ട്രംപിനെ വംശവെറിയൻ എന്നായിരുന്നു വിളിച്ചത്. എന്നാൽ, ഇപ്പോൾ യാതോരു മടിയുമില്ലാതെയാണ് മെർക്കെൽ പുതിയ വൈറസിനെ ബ്രിട്ടീഷ് വൈറസ് എന്ന് വിളിക്കുന്നത്. അതേസമയം, ഇന്നലെ 12,802 പേർക്കാണ് പുതിയതായി ജർമ്മനിയിൽ രോഗബാധ സ്ഥിരീകരിച്ചത്. 891 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹേർഡ് ഇമ്മ്യൊണിറ്റി കൈവരിക്കാൻ പാകത്തിൽ അത്രയും ആളുകൾക്ക് വാക്സിനേഷൻ നൽകിക്കഴിയുന്നതുവരെ രോഗവ്യാപനം എന്തുവിലകൊടുത്തും നിയന്ത്രിക്കുവാനുള്ള തത്രപ്പാടിലാണ് ജർമ്മനി.

ഇതുവരെ 6,88,782 പേർക്ക് മാത്രമാണ് ഇവിടെ വാക്സിൻ നൽകിയിട്ടുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പോലും വരില്ല. അതേസമയം, കിഴക്കൻ ജർമ്മനിയിൽ കോവിഡ് മരണം കുതിച്ചുയരാൻ തുടങ്ങിയതോടെ പല സെമിത്തേരികളിലും ശവപ്പെട്ടികൾ അടുക്കിവച്ചിരിക്കുകയാണ്, ഊഴം കാത്ത്. സാധാരണ ശൈത്യകാലത്ത് മരണങ്ങൾ കൂടുമെങ്കിലും ഇത്തവണ മരണങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്നാണ് സെമിത്തേരിയുടെ നടത്തിപ്പുകാർ പറയുന്നത്.

കൂനിൻ മേൽ കുരു എന്നപോലെ ദക്ഷിണാഫ്രിക്കൻ വൈറസും

കെന്റിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട അതിതീവ്ര വൈറസ് ബ്രിട്ടനെ വലച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സമാനമായ രീതിയിൽ അതിയായ വ്യാപനശേഷിയുള്ള, ദക്ഷിണാഫ്രിക്കൻ ഇനം വൈറസുംബ്രിട്ടനിൽ എത്തിയിട്ടുണ്ടാകാം എന്ന് വിദഗ്ദർ പറയുന്നത്. ഇതുവരെ ഔദ്യോഗികമായി രണ്ടുപേരിൽ മാത്രമാണ് ഈ ഇനം വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇവർ രണ്ടുപേരും ലണ്ടനിൽ ഉള്ളവരും സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരുമാണ്. എന്നാൽ, കഴിഞ്ഞയാഴ്‌ച്ച കുറച്ചധികം പേരിൽ ഈ ഇനം വൈറസിനെ കണ്ടെത്തിയതായി സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ ഒരു ഉന്നതൻ പറഞ്ഞു.

ഇതിനെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു മുൻ ഹെൽത്ത് സെക്രട്ടറി ജെറേമി ഹണ്ടിന്റെ വാക്കുകളും. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അതിതീവ്ര വൈറസ്, വിചാരിക്കുന്നതിലും കൂടുതൽ ആളുകളിലേക്ക് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് അവരും പറയുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വിസമ്മതിച്ചു. ഉടൻ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുമെന്ന് മാത്രമാണ് അവർ പറഞ്ഞത്.

ഏറ്റവും ഭയാനകമായി കാര്യം കെന്റിൽ കണ്ടെത്തിയ ഇനത്തേക്കാൽ വ്യാപനശേഷി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഇനം വൈറസിന് ഉണ്ട് എന്നതാണ്. മാത്രമല്ല, ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ വളരെ സുപ്രധാനമായ മ്യുട്ടേഷൻ സംഭവിച്ചിട്ടുള്ളതിനാൽ ഇത് വാക്സിനെ നിർവീര്യമാക്കുമോ എന്നകാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. കുറഞ്ഞപക്ഷം ഈ വൈറസിനെതിരെ വാക്സിൻ ആവശ്യമായ ശക്തിയോടെ പ്രതികരിക്കാൻ ഇടയില്ല എന്നാണ് ഇവർ പറയുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു.