നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഒരിക്കൽ കൂടി ബ്രിട്ടൻ തെളിയിക്കുന്നു. തന്റെ തറവാട് വീട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഒരു അതിഥിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് എലിസബത്ത് രാജ്ഞിയുടെ ബന്ധു ജയിലിലേക്ക് പോകാൻ ഒരുങ്ങുന്നു. നിലവിൽ സ്ട്രാത്ത്മോറിലേയും കിങ്ഹോണിലേയും പ്രഭു കൂടിയായ സൈമൺ ബോവസ്-ലിയോൺ ആണ്പ്രതി.

രാജ്ഞിയുടെ അമ്മ തന്റെ കുട്ടിക്കാലം ചലവഴിച്ച പുരാതന തറവാട്ടിൽ വച്ചായിരുന്നു അതിക്രമം നടന്നത്. ഇവിടെ വച്ച് സൈമൺ നടത്തിയ ഒരു ചടങ്ങിൽ പങ്കെടുത്തശേഷം ഒരു കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ ഉപദ്രവിച്ചത്. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്ന ഉപദ്രവത്തിനിടയിൽ പലതവണ ഇയാൾ ഈ യുവതിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. മദ്യലഹരിയിലായിരുന്നു അപ്പോൾ അയാൾ.

യുവതിയുടെ നിശാവസ്ത്രം വലിച്ചു കീറുകയും അവരെ ചുമരിലേക്ക് തള്ളുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തടവുകയും അമർത്തുകയും ഒക്കെ ചെയ്തതായും പറയപ്പെടുന്നു. എതിർത്തപ്പോൾ ആ യുവതിയെ മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും, തന്റെ വീട്ടിൽ എന്ത് ചെയ്യണമെന്ന് തന്നോട് പറയുവാൻ യുവതിക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തു. ഒരുവിധം അയാളെ മുറിക്ക് വെളിയിലാക്കിയ യുവതി, രക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റ് അതിഥികൾക്ക് സന്ദേശം അയയ്ക്കുകയായിരുന്നു.

തുടർന്ന് വീണ്ടും അയാൾ യുവതിയുടെ മുറിയിലെത്തി. രണ്ടുപ്രാവശ്യവും അയാളെ മുറിയിൽ നിന്നും ബലം പിടിച്ച് പുറത്താക്കുകയായിരുന്നു. 34 കാരനായ ബോവെസ് ലിയോൺ സ്ത്രീ പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് ഡൻഡീ ക്രൗൺ കോടതിൽ ഇന്നലെ കണ്ടെത്തി. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഏതായാലും ചില റിപ്പോർട്ടുകൾകൂടി ലഭിക്കാനുള്ളതിനാൽ വിധി പറയുന്നത് നീട്ടിവച്ചിരിക്കുകയാണ്. നിലവിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഈ സംഭവം അരങ്ങേറിയത്. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ കോടതിയിൽ വച്ച് ഇയാൾ ഇരയോട് മാപ്പ് ചോദിച്ചു. തന്റെ സ്വഭാവത്തിൽ തനിക്ക് അതിയായ ലജ്ജ തോന്നുന്നു എന്നും മദ്യം ഇതിനൊരു കാരണമായി എന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു അയാൾ പറഞ്ഞത്.

ഒരു വാരാന്ത്യത്തിലെ ആഡംബര വിരുന്നിനിടെ ഗ്ലാമിസ് കൊട്ടാരത്തിൽ വച്ചാണ് സംഭവം നടന്നത്. ആദ്യ ദിവസത്തെ വിരുന്നിനിടെ ബോവെസ് ലിയോനിനോട് ആരും സംസാരിക്കുന്നില്ല എന്നത് ശ്രദ്ധിച്ച ഇര, അത്താഴ വിരുന്ന് സമയത്ത് അയാളുമായി ഏറെ സംസാരിക്കാൻ ശ്രമിച്ചിരുന്നു. തൊട്ടടുത്ത ദിവസത്തെ അത്താഴ വിരുന്നിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അതിരാവിലെ 1.20 ന് ഇയാൾ മുറിയിൽ കയറി അതിക്രമം കാണിച്ചത്. ആദ്യം പുറത്താക്കിയെങ്കിലും, പിന്നീടും അയാൾ മുറിയിലേക്ക് വന്നു. എന്നാൽ, മറ്റൊരു അതിഥിയുടെ സഹായത്തോടെ രണ്ടാം തവണയും അയാളെ പുറത്താക്കുകയായിരുന്നു.

അതിരാവിലെ തന്നെ കൊട്ടാരത്തിൽ നിന്നും പുറത്തുകടന്ന യുവതി സ്വന്തം വീട്ടിലെത്തിയ ഉടൻ കാര്യങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ബോവെസ്-ലിയോൺ യുവതിക്ക് ഒരു ഈമെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. അതിവേഗ കാറുകളേയും റ്റി വി താരങ്ങൾക്കൊപ്പമുള്ള ഒഴിവുകാലാഘോഷങ്ങളേയും ഏറെ സ്നേഹിക്കുന്ന ബോവിസ് -ലിയോൻ 2019 ൽ ബ്രിട്ടനിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.