കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ മാരകശക്തി ബ്രിട്ടൻ കണ്ടറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. 15,46 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. മരണം തലയ്ക്ക് മുകളിൽ നിഴൽ വിരിച്ചു നിൽക്കുമ്പോഴും ബ്രിട്ടന് ആശ്വാസമായി പുതിയ കേസുകളുടെ എണ്ണത്തിൽ കുറവു വന്നു. ഇന്നലെ 50,000-ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം കഴിഞ്ഞുപോയി എന്നൊരു തോന്നലിന് ഇത് ഇടയാക്കിയിട്ടുണ്ട്.

എന്നാൽ, രോഗം ബാധിച്ച് ആഴ്‌ച്ചകൾ കഴിയുമ്പോഴായിരിക്കും അത് ഗുരുതരമായി മരണത്തിലേക്ക് നയിക്കുക എന്ന സത്യം ഇനി വരുന്ന നാളുകളിൽ കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന ഭയാനകമായ സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനിയങ്ങോട്ട് ഒന്നാം വരവിൽ ഉണ്ടായതിനേക്കാൾ അധികം മരണങ്ങൾ രണ്ടാം വരവിൽ ഉണ്ടായേക്കാം എന്നാണ് ആരോഗ്യ രംഗത്തെ ചില പ്രമുഖർ പറയുന്നത്. ഇന്നലെ 47,525 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയെ അപേക്ഷിച്ച് 23.7 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ദൃശ്യമായിട്ടുള്ളത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണത്തിൽ കുറവു വരുന്നത്.

കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ എന്ന വാദഗതിയെ ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ മരണ നിരക്ക് പുറത്തുവന്നത്. എന്നാൽ, നിലവിലെ നിയന്ത്രണങ്ങൾ ഫലവത്താകുന്നു എന്നതിന്റെ സൂചനയായി രോഗവ്യാപന നിരക്കിൽ കുറവ് കാണുന്നുണ്ട്. ഒന്നാം ലോക്ക്ഡൗണിനോളം കർശമായ സമീപനം ഇത്തവണ പുലർത്താത് എന്താണെന്ന് ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ നേരത്തേ ചോദിച്ചിരുന്നു. നിയന്ത്രണങ്ങൾ സ്ഥിരമായ നിരീക്ഷണത്തിലാണെന്നും ആവശ്യമുള്ള സമയത്ത് വേണ്ട ഭേദഗതികൾ വരുത്തുമെന്നുമായിരുന്നു പ്രധാനമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

അതുപോലെ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും കുറവ് ദൃശ്യമാകുന്നുണ്ട്. ലണ്ടൻ, തെക്ക് കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഇത് വ്യക്തമായി ദൃശ്യമാണ്. എന്നാലും, ഒന്നാം വരവിനെ അപേക്ഷിച്ച്, ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്നുള്ളത് എൻ എച്ച് എസ് അധികൃതരെ വിഷമിപ്പിക്കുന്നുണ്ട്.

അതിനിടയിൽ, ബ്രസീലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട, ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ ബ്രിട്ടനിലെത്തി എന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ ഈ ഇനം വൈറസ് ബ്രിട്ടനിലെത്തിയെന്നതിനോ, ഇതിന് കെന്റിലെ വൈറസിനെ പോലെ അതിതീവ്ര വ്യാപനശേഷിയുണ്ട് എന്നതിനോ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, മ്യുട്ടേഷൻ നടന്ന ഉടനെ തന്നെ വൈറസിന്റെ തീവ്രത വ്യക്തമാകില്ല എന്നാണ് ചില ശാസ്ത്രജ്ഞന്മാർ പറയുന്നത്. സാവധാനത്തിലായിരിക്കും ഇവ തീവ്രത കൈവരിക്കുക.

പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് ദൃശ്യമാകുന്നുണ്ടെങ്കിലും ആശാവഹമായ ഒരു പുരോഗതി ഇക്കാര്യത്തിൽ ഇല്ല. അതിനാൽ തന്നെ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാവുന്നതാണ് എന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായ സർ പാട്രിക് വാലൻസ് പറഞ്ഞു. കഴിഞ്ഞയാഴ്‌ച്ചയിലെ രോഗവ്യാപന തോത് പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾദർശിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.