ബ്രിട്ടനിലേക്ക് എത്തുന്നവർക്ക് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപെടുത്ത കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്‌ച്ച രാവിലെ 4 മണിമുതൽക്ക് ഇത് പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, യത്രക്കാരുടെ പരിഭ്രാന്തിയും അതിർത്തിയിൽ സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇത് തിങ്കളാഴ്‌ച്ച മാത്രമേ നടപ്പാക്കുവാൻ ആരംഭിക്കുകയുള്ളു എന്ന് സർക്കാർ വ്യക്തമാക്കി.

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത പല യാത്രക്കാർക്കും സമയത്ത് ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാത്തതാണ് പരിഭ്രാന്തിക്ക് കാരണമായത്. മാത്രമല്ല, ഏത് തരം പരിശോധനയാണ് ചെയ്യേണ്ടതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കാത്തതിന്റെ ആശയക്കുഴപ്പം നിലനിൽക്കുന്നു എന്ന് വിമാനക്കമ്പനികളും പരാതിപ്പെട്ടിരുന്നു. ഇന്നലെ രാത്രി വളരെ വൈകിയാണ് ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത കൈവരുത്തിയത്. റാപ്പിഡ്-റിസൽട്ട് ലാറ്ററൽ ഫ്ളോ പരിശോധന ആയാലും മതി എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാച്ച വരെ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്ന യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറങ്ങാൻ അനുവദിക്കും. പിഴയൊടുക്കേണ്ടതുമില്ല. എന്നാൽ, ഈ നിയമം പ്രാബല്യത്തിൽ വരുന്ന തിങ്കളാഴ്‌ച്ച മുതൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരുമായെത്തിയാൽ വിമാന കമ്പനികൾ പിഴയൊടുക്കേണ്ടതായി വരും. യാത്രക്കാരൊന്നിന് 2000 പൗണ്ടായിരിക്കും പിഴ. അതേസമയം, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ, വിമാന ജീവനക്കാർ എന്നിവർക്ക് പരിശോധന ആവശ്യമില്ല എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതിനിടയിൽ, ജനിതകമാറ്റം സംഭവിച്ച പുതിയ ഒരിനം കൊറോണ വൈറസിനെ ബ്രസീലിൽ കണ്ടെത്തിയതോടെ ബ്രസീലുമായുള്ള എല്ലാ യാത്രാ ബന്ധങ്ങളും ബ്രിട്ടൻ വിഛേദിച്ചു. വാക്സിനെതിരെ പോരാടാൻ കെൽപുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുതിയ ഇനത്തെ കുറിച്ച് നാല് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് അറിവ് ലഭിക്കുന്നത്. കെന്റിലേയും ദക്ഷിണാഫ്രിക്കയിലേയും വകഭേദങ്ങളേ പോലൊ ഇതിനും അതി തീവ്രമായ വ്യാപന ശേഷി ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നത്.

മറ്റുപല രാജ്യങ്ങളിലും എത്തുന്ന വിദേശികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കുമ്പോൾ ബ്രിട്ടൻ അത്തരത്തിലൊരു നിബന്ധന കൊണ്ടുവരാൻ 10 മാസം വൈകിയതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസം മുൻപ് ബ്രസീലിയൻ ഇനത്തെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും അതിർത്തികൾ ബ്രസീലിൽ നിന്നുള്ള യാത്രക്കാർക്കായി അടക്കാത്തതിനെ ചൊല്ലിയും വിവാദങ്ങൾ ഉയരുന്നു.

പുതിയ നിയമമനുസരിച്ച്, തിരിച്ചുവരുന്ന ബ്രിട്ടീഷുകാർ ഉൾപ്പടെ, ഇവിടെയെത്തുന്ന എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂർ നേരത്തേയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം ഇതില്ലാതെ വന്നാൽ 500 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും.

അതിനിടയിൽ, ബ്രസീലിൽ നിന്നുള്ള പുതിയ ഇനം രാജ്യത്തിനകത്ത് കയറാതിരിക്കാൻ, തെക്കേ അമേരിക്കയിൽ നിന്നുള്ള മുഴുവൻ ഫ്ളൈറ്റുകളും ഇന്ന് നിരോധിച്ചേക്കും എന്നൊരു സൂചന ലഭിച്ചിട്ടുണ്ട്. ഈ ഇനം കൂടി ബ്രിട്ടനിലെത്തിയാൽ, സാധാരണ നിലയിലേക്കുള്ള തിരിച്ചു പോക്ക് ഒരുപക്ഷെ ഉടനെയൊന്നും ബ്രിട്ടന് സാധ്യമാകില്ല.