- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് അമേരിക്കയെ നാണംകെടുത്തി; എല്ലാം കൈവിട്ടപ്പോൾ ട്രംപിന് മനംമാറ്റം; കാപിറ്റോൾ മന്ദിരത്തിലേക്കുള്ള ട്രംപിസ്റ്റുകളുടെ മാർച്ചിൽ ഞെട്ടിയെന്ന് ട്രംപ്; യൂട്യുബും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം പോയ പ്രസിഡണ്ട് ഒടുവിൽ തലകുനിച്ച് പുറത്തേക്ക്
അറിയാത്ത ട്രംപിന് ചൊറിഞ്ഞപ്പോൾ അറിഞ്ഞു, കാര്യങ്ങളുടെ പോക്ക് അത്ര നല്ല രീതിയിലേക്കല്ലെന്ന്. ഹൗസിൽ പത്ത് റിപ്പബ്ലിക്കൻ പ്രതിനിധികളുടെ പിന്തുണയോടെ 197 വോട്ടുകൾക്കെതിരെ 232 വോട്ടുകൾക്ക് ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കി സെനറ്റിന്റെ പരിഗണനയ്ക്ക് വിട്ടതോടെ ട്രംപ് പ്ലേറ്റ്മാറ്റി. നേരത്തേ കാപിറ്റോളിൽ അക്രമം വിതയ്ക്കാനെത്തിയവരെ ദേശഭക്തരെന്ന് വിളിച്ച ട്രംപ് അക്രമത്തെ അപലപിച്ചുകൊണ്ട്രംഗത്തെത്തി.
ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്ക് വിട്ടതോടെ, ട്രംപിന്റെ ഭരണകാലാവധി കഴിഞ്ഞാലും അവർക്ക് അത് പരിഗണനയ്ക്ക് എടുക്കാനാവും. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ ഒരു വീഡിയോ സന്ദേശവുമായി ട്രംപ് എത്തിയിരിക്കുന്നത്. ആറുപേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് ശേഷം ഇതാദ്യമായി അധികാര കൈമാറ്റം ഉണ്ടാകും എന്ന് ട്രംപ് പറഞ്ഞിരിക്കുകയാണ് ഈ വീഡിയോയിൽ.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്ന അക്രമസംഭവങ്ങൾ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ കോപത്തിനും താപത്തിനും ഇടയാക്കിയിട്ടുണ്ട് എന്നുപറഞ്ഞ ട്രംപ് കഴിഞ്ഞ ആഴ്‌ച്ച നടന്ന അക്രമങ്ങളെ താൻ കഠിനമായി അപലപിക്കുന്നതായി പറഞ്ഞു. അക്രമത്തിനും കലാപത്തിനും രാജ്യത്ത് സ്ഥാനമില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, തന്റെ സമരത്തിൽ അക്രമത്തിന് ഒരു സ്ഥാനവും ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.
പ്രോമ്പ്റ്ററിൽ നോക്കി വായിച്ച പ്രസംഗം പകർത്തിയ വീഡിയോ പക്ഷെ ട്രംപിന്റെ വ്യക്തിഗത ട്വീറ്റർ അക്കൗണ്ട് വഴിയല്ല പുറത്തുവിട്ടിരിക്കുന്നത്. അത് നേരത്തേ ട്വീറ്റർ പിൻവലിച്ചിരുന്നു. വൈറ്റ്ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഈ വീഡിയോ പുറത്തുവിട്ടത്. ജനുവരി 20 ന് അധികാര കൈമാറ്റവേളയിൽ അക്രമസംഭവങ്ങൾ ഉണ്ടായാൽ കർശനമായ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഇങ്ങനെയൊരു വീഡിയോ ഇറക്കിയിരിക്കുന്നത്.
മാത്രമല്ല, ഇംപീച്ച്മെന്റ് നടപടികൾ തുടരുകയുമാണ്. പ്രമേയം ഇപ്പോൾ സെനറ്റിന്റെ പരിധിയിലാണ്. ട്രംപ് പ്രസിഡണ്ട് പദവി ഒഴിഞ്ഞാലും സെനറ്റിന് ട്രംപിനെ വിചാരണ ചെയ്യാനാകും. അതിൽ തെറ്റുകാരനാണെന്ന് കണ്ടാൽ ഭാവിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ട്രംപിനെ വിലക്കുവാനും സാധ്യതയുണ്ട്. ഈ വസ്തുത തിരിച്ചറിഞ്ഞിട്ടാണ് ട്രംപ് മലക്കം മറിയുന്നത്. നേരത്തേ, കാപിറ്റോളിലെ അക്രമങ്ങൾക്ക് മുൻപായി ട്രംപ് പറഞ്ഞത് കൂടുതൽ കടുത്ത പോരാട്ടം തുടങ്ങാൻ പോകുന്നു എന്നായിരുന്നു.
ട്രംപിന്റെ ചിത്രമുള്ള തൊപ്പികളുമണിഞ്ഞ് പൊലീസുകാരെ എതിരിടുന്ന അക്രമകാരികളുടെ ചിത്രം പുറത്തുവന്നപ്പോൾ ട്രംപ് അവരെ അനുകൂലിക്കുകയായിരുന്നു. അമേരിക്കയെ മഹത്തരമാക്കുവാൻ ഒരുങ്ങിയിറങ്ങിയ പോരാളികൾ എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്. എന്നാൽ, അതേ ട്രംപ് ഇന്നലെ ഇറക്കിയ വീഡിയോയിൽ പറഞ്ഞത്, നിയമവാഴ്‌ച്ചയെ പരിരക്ഷിച്ചുകൊണ്ടുംഅമേരിക്കയുടെ പരമ്പരാഗത മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും നിയമപരിപാലന സംവിധാനത്തെ ബഹുമാനിച്ചുകൊണ്ടും മാത്രമേ അമേരിക്കയെ മഹത്തരമാക്കുവാൻ സാധിക്കൂ എന്നാണ്.
ആൾക്കൂട്ട അക്രമങ്ങൾ തന്റെ വിശ്വാസപ്രമാണങ്ങൾക്കുംതാൻ നടത്തുന്ന സമരങ്ങളുടേ ഉദ്ദേശശുദ്ധിക്കും എതിരാണെന്നുമായിരുന്നും അദ്ദേഹം പറഞ്ഞു. തന്റെ യഥാർത്ഥ അനുയായികൾക്ക് ഒരിക്കലുമക്രമാസക്തരാകാൻ പറ്റില്ലെന്നും അവർക്ക് ഒരിക്കലും അമേരിക്കൻ നിയമപരിപാലന സംവിധാനങ്ങളേയോ അമേരിക്കൻ പതാകയേയോ നിന്ദിക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. അത്തരത്തിലുള്ള ഒരു പ്രവർത്തിയും താൻ സഹിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തന്റേയും പാർട്ടിയുടെയും ഭാവി അപകടത്തിലാണെന്ന് മനസ്സിലാക്കിയായിരുന്നു ട്രംപിന്റെ ഈ മറുകണ്ടം ചാടൽ. നിരവധി പ്രധാന കോർപ്പറേഷനുകൾ ഭാവിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള പി എ സി കാമ്പെയ്ൻ സംഭാവനകൾ നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പുറമേ, തന്റെ ഭ്രാന്തൻ നടപടികൾ തന്റെ ബിസിനസ്സിനേയും വിപരീതമായി ബാധിക്കുന്നു എന്ന് ട്രംപ് മനസ്സിലാക്കി. ന്യുയോർക്ക് സിറ്റി ട്രംപ് ഓർഗനൈസേഷനുമായുള്ള കരാറുകൾ റദ്ദാക്കുകയാണെന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു.
അതുപോലെ ട്രംപ് സ്ഥാപനങ്ങൾക്ക് കൈയയച്ച് വായ്പ നൽകിയിരുന്ന ഡോയ്ചെ ബാങ്ക് ട്രംപുമായി വഴിപിരിയുകയാണെന്നും അറിയിച്ചിരുന്നു. അതിനുപുറമേ സെനറ്റിലെ മെജോറിറ്റി ലീഡർ മിറ്റ്ച്ച് മെക് കോണെല്ലുമായി തെറ്റിപ്പിരിഞ്ഞതും ട്രംപിന് പാരയായിട്ടുണ്ട്. ഇത് പാർട്ടിക്കുള്ളിലെ ട്രംപ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു. മൂന്നോളം കാബിനറ്റ് അംഗങ്ങൾ ഇതുവരെ രാജിവച്ചു. അതുപോലെ വൈറ്റ്ഹൗസ് സഹായികളിൽ ചിലരും പടിയിറങ്ങി.
മറുനാടന് മലയാളി ബ്യൂറോ