- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം; ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക്: 18ന് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ എങ്ങനെ വിജയം കോൺഗ്രസിലേക്ക് എത്തിക്കാമെന്ന തിരക്കിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് വൻ പ്രചരണ പരിപാടികൾക്കാണ് കോൺഗ്രസ്് കോപ്പു കൂട്ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടുപോയ കോൺഗ്രസിന്റെ പ്രതിച്ഛായ എങ്ങനെ വർദ്ധിപ്പിക്കണം എന്നതായിരിക്കും പ്രധാനമായും ചർച്ച ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം ഹൈക്കമാൻഡുമായി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. സംഘടനയെ ശക്തമാക്കാൻ എഐസിസി നേരിട്ടു നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഈ ചർച്ചകളിൽ തീരുമാനിക്കും.
കാര്യക്ഷമമല്ലാത്ത ബ്ലോക്ക്, മണ്ഡലം സമിതികൾ കൂടാതെ ഏതാനും ഡിസിസികളിൽ കൂടി അഴിച്ചുപണി ചർച്ചകളിലുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതും ചർ്ചചയിൽ എടുക്കുമെങ്കിലും പകരക്കാരനെ കണ്ടെത്തുന്നത് അടുത്ത തർക്കത്തിനു കാരണമാകുമോ എന്ന ആശങ്ക ഉള്ളതിനാൽ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് ആശങ്കയുണ്ട്.
എന്നാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസികളിൽ മാറ്റം വേണം എന്ന നിലപാടിലാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും അഴിച്ചുപണി ആവശ്യമാണെന്ന അഭിപ്രായം പങ്കുവയ്ക്കുന്നു.
സ്ഥാനാർത്ഥി നിർണയ മാനദണ്ഡം സംബന്ധിച്ച പ്രാഥമിക ചർച്ചകളും നടത്തും. നേതാക്കൾ അങ്ങോട്ടു തിരിക്കുന്ന സാഹചര്യത്തിൽ താരിഖ് അൻവർ ഈ ആഴ്ച അവസാനം കേരളത്തിലേക്കു വരാനിരുന്നതു നീട്ടിവച്ചു.