ന്നലേയും 50,000 ൽ താഴെ ആളുകൾക്ക് മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണത്തിലാകുന്നു എന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങി. കഴിഞ്ഞ അഴ്‌ച്ചയിലേതുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കേസുകളുടെ കാര്യത്തിൽ 7.5 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ 48,682 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 32,92,014 ആയി ഉയർന്നു.

നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാൻഡ്സ് എന്നീ മേഖലകൾ ഒഴിച്ചുള്ള എല്ലായിടങ്ങളിലും രോഗബാധ കുറഞ്ഞുവരുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പുതിയ കണക്കുകളിലും സൂചിപ്പിക്കുന്നു. ഇംഗണ്ടിന്റെ വിവിധ മേഖലകളിൽ നടപ്പിലാക്കിയ ടയർ 4 നിയന്ത്രണങ്ങൾ തന്നെയാണ് രോഗവ്യാപനം കുറയ്ക്കുവാൻ സഹായകമായതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജനുവരി 4 ന് മാത്രമായിരുന്നു. ഇനിയും ഒരാഴ്‌ച്ചയെങ്കിലും കഴിഞ്ഞാലെ അതിന്റെ ഫലപ്രാപ്തി എന്തെന്ന് അറിയുവാൻ കഴിയുള്ളു.

അതേസമയം മരണനിരക്ക് ഉയർന്ന നിലയിൽ തന്നെയാണ് നിൽക്കുന്നത്. വരും ദിവസങ്ങളിൽ മരണനിരക്ക് ഇനിയും വർദ്ധിക്കാൻ ഇടയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതുപോലെ എൻ എച്ച് എസിന് മേൽ സമ്മർദ്ദം ഏറിവരും. അടുത്ത ഏതാനും ദിവസങ്ങൾ കൂടി ഇങ്ങനെ പോകും എന്നാണ് സർ പാട്രിക് വാലൻസ് പറയുന്നത്. ഇംഗ്ലണ്ടിൽ രോഗവ്യാപനത്തിന്റെ എപ്പിസെന്ററായിരുന്ന ലണ്ടനിൽ ഇപ്പോൾ 1 ലക്ഷം പേരിൽ 864.9 പേർ വീതം രോഗികളാണ്. കഴിഞ്ഞയാഴ്‌ച്ച ഇത് 1 ലക്ഷം പേരിൽ 1,043.9 രോഗികൾ ആയിരുന്നു. യോർക്ക്ഷയറിലുംഹമ്പറിലുമാണ് നിലവിൽ രോഗവ്യൂാപനം ഏറ്റവും കുറവുള്ളത്.

ആശവഹമായ കാര്യം പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട് എന്നതാണ്. മൊത്തം പരിശോധനകളുടെ എണ്ണവും അതിൽ പോസിറ്റീവ് ആകുന്ന രോഗികളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് പോസിറ്റിവിറ്റ് നിരക്ക്. കഴിഞ്ഞയാഴ്‌ച്ച ഇത് 17.5 ആയിരുന്നെങ്കിൽ ഈ ആഴ്‌ച്ച അത് 13.3 ആയി കുറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ രോഗവ്യാപനം കുറയുന്നു എന്ന സൂചനകൾ പുറത്തുവരുമ്പോഴും, കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുപോലെ, ഇന്റൻസീവ് കെയറിൽ ചികിത്സതേടുന്നവരുടെ എണ്ണവും. ഇതാണ് ഭരണകൂടത്തിന് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം.

മാർച്ചിലെ ആദ്യ ലോക്ക്ഡൗണിന് അടിസ്ഥാനമായ റിപ്പോർട്ട് തയ്യാറാക്കിയാ പ്രൊഫസർ ഫെർഗുസണിന്റെ അഭിപ്രായത്തിൽ ദേശീയ അടിസ്ഥാനത്തിൽ തന്നെ രോഗവ്യാപനത്തിന്റെ നിരക്ക് കുറയുകയാണ്. മാത്രമല്ല, ചില എൻ എച്ച് എസ് മേഖലകളിൽ ഇതിന്റെ ഗ്രാഫ് തിരശ്ചീനമായ തലത്തിലേക്ക് വന്നുകഴിഞ്ഞു. ലണ്ടൻ ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രൊഗികളുടെ എണ്ണം സ്ഥിരമായി നിൽക്കുകയാണ്. അത് കുറയുന്നില്ലെങ്കിലും വർദ്ധിക്കുന്നില്ല. അതേസമയം മറ്റു ചില സ്ഥലങ്ങളിൽ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. എന്നാൽ, മൊത്തം ദേശീയതലത്തിൽ നോക്കുമ്പോൾ വ്യാപനം കുറഞ്ഞു തന്നെയാണ് വരുന്നത്.

അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നേക്കും എന്നൊരു സൂചന ലഭിക്കുന്നുണ്ട്. എന്നാൽ, രോഗവ്യാപനത്തിൽ കുറവ് ദൃശ്യമായതോടെ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കാൻ ഇടയില്ലെന്നും ചില സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഇന്നോ നാളെയോ കൊണ്ടുവരുമെന്ന് പ്രീതി പട്ടേൽ ഇന്നലെ സൂചിപ്പിച്ചിരുന്നു.