കോവിഡിനൊപ്പം പ്രകൃതിയുടെ കോപവും ബ്രിട്ടനെ വലയ്ക്കുകയാണ്. ശക്തമായ മഴയിൽ തെക്ക് കിഴക്കൻ ഇംഗണ്ടിലെ പലയിടങ്ങളിലും റെയിൽ പാളങ്ങളും സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. അതേസമയം വടക്കൻ മേഖലകളിലേയും സ്‌കോട്ട്ലാൻഡിലേയും പലയിടങ്ങളിലും മുട്ടൊപ്പമാണ് മഞ്ഞു നിറഞ്ഞിരിക്കുന്നത്. പലയിടങ്ങളിലും ജനങ്ങൾക്ക് സ്വന്തം വീടുകളിൽ എത്തിച്ചേരാൻ മഞ്ഞ് കുഴിച്ചെടുക്കേണ്ടതായി വരുന്നു. ജോലിക്കായി എസ്സെക്സിലേക്കും തിരിച്ചും യാതചെയ്യേണ്ടവർ കനത്ത മഴയിൽ പല ട്രെയിനുകളും റദ്ദ് ചെയ്തതിനാൽ ഇന്നലെ ശരിക്കും വെട്ടിലായി. ഇവിടെ ട്രെയിൻ സർവ്വീസ് നടത്തുന്ന സി 2 സി നിരവധി ട്രെയിനുകളാണ് ശക്തമായ മഴയിൽ വെള്ളം പൊങ്ങിയതുകാരണം റദ്ദ് ചെയ്തത്.

അതേസമയം വടക്കൻ ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്ലാൻഡിന്റിന്റേയും മിക്കയിടങ്ങളിലും ഇന്നലെ മുഴുവൻ മഞ്ഞുവീഴ്‌ച്ചയായിരുന്നു. പലയിടങ്ങളിലും അന്തരീക്ഷ താപനില മൈനസ് 12 ഡിഗ്രിയായി കുറഞ്ഞു. വാരാന്ത്യത്തിലും അടുത്ത ആഴ്‌ച്ചയിലും കൂടുതൽ ശൈത്യം അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഹഡേഴ്സ്ഫീൽഡ്, ഹാലിഫാക്സ്, ലീഡ്സ് , ബ്രാഡ്ഫോർഡ് തുടങ്ങി പടിഞ്ഞാറൻ യോർക്കഷയറിലെ മിക്കയിടെങ്ങളിലും റോഡുകൾ പരിതാപകരമായ അവസ്ഥയിലായിരുന്നു.എം 6, എ 57, എ672 എന്നിവകളിൽ ഗതാഗതം തീരെ മന്ദഗതിയിലായിരുന്നു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ലീഡ്സിൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.

എം 62 ൽ ഗതാഗതം നിലച്ചതോടെ ഗ്രേയ്റ്റർ മാഞ്ചസ്റ്ററിൽ വളരെ തിരക്ക് അനുഭവപ്പെട്ടു. കനത്ത മഴയായിരുന്നു ഗതാഗതം നിലയ്ക്കുവാൻ കാരണമായത്. കെന്റിൽ കനത്ത മഴയത്ത് ഒരു വാഹനം തലകീഴായി മറഞ്ഞതിനെ തുടർന്ന് എം 2 ലും ഗതാഗതം സ്തംഭിച്ചു. വാഹനത്തിൽ കുരുങ്ങിയ വ്യക്തിയെ സുരക്ഷാ ജീവനക്കാർ എത്തി വാഹനത്തിന്റെ മേൽക്കൂര പൊളിച്ചാണ് പുറത്തെടുത്തത്. കിഴക്കൻ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും ഒരു അടി കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടായി. സ്‌കോട്ട്ലാൻഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഇംഗ്ലണ്ടിലെ വലിയ വാക്സിൻ കേന്ദ്രങ്ങളിൽ ഒന്നായ ന്യു കാസിൽ ഹോസ്പിറ്റൽ ഫൗണ്ടേഷൻ ട്രസ്റ്റ്, വാക്സിനായി ബുക്ക് ചെയ്തിരുന്ന പ്രായമുള്ളവരോട് അത് റദ്ദ് ചെയ്ത് മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന ഓമനപ്പേരുള്ള സൈബീരിയൻ ശീതക്കാറ്റ് രണ്ടാം തവണയും എത്തുമെന്ന പ്രവചനത്തിനിടെ ബ്രിട്ടനിലെ കടുത്ത ശൈത്യം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്. സ്‌കോട്ടലാൻഡിൽ എല്ലാവരോടും വീടുകളിൽ തന്നെ കഴിയുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത്യാവശ്യമില്ലാത്ത് യാത്രകൾ ഒഴിവാക്കുവാനും നിർദ്ദേശമുണ്ട്. യാത്രചെയ്യുന്നവർ ആവശ്യത്തിന് ഭക്ഷണം കൈയിൽ കരുതുവാനും നിർദ്ദേശിച്ചിട്ടുണ്ട്.

സ്‌കോട്ട്ലാൻഡിലെ മിക്കയിടങ്ങളിലും കനത്ത മഞ്ഞുമൂലം റോഡുഗതാഗതം തടസ്സമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ തെക്ക് ലിസ്റ്റർഷയർ, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ വരെ കനത്ത മഞ്ഞുവീഴ്‌ച്ച ഈ വാരാന്ത്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. സമുദ്രനിരപ്പിൽ നിന്നും ചുരുങ്ങിയത് 650 അടിയെങ്കിലും ഉയരമുള്ളയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ച്ചയുണ്ടാകുമെന്നാണ് പ്രവചനം. ചുരുങ്ങിയത് 8 ഇഞ്ച് കനത്തിലെങ്കിലും മഞ്ഞുവീഴാൻ സാധ്യതയുണ്ട്. അതേസമയം താഴ്ന്ന പ്രദേശങ്ങളിൽ 2 ഇഞ്ച് വരെ മഞ്ഞുവീഴ്‌ച്ചയുണ്ടാകും.

ശൈത്യകാലത്ത് പെനാൽറ്റികളുടെയും പെരുമഴയാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് മഞ്ഞിൽ കളിക്കാൻ ഇറങ്ങിയവർക്കൊക്കെ പൊലീസ് നിരത്തി പിഴയടിച്ചു. ഇന്നലെ മാത്രം 300 പേർക്കാണ് പിഴ ചുമത്തിയത്. ഇത് ഒരു റെക്കാർഡാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ആദ്യ ലോക്ക്ഡൗൺ ദിനങ്ങളേ അപേക്ഷിച്ച് ഈ ലോക്ക്ഡൗൺ കാലത്ത്ഓരോ ദിവസങ്ങളിലും 66 മടങ്ങ് പിഴ വരെ ഈടാക്കുന്നു എന്നാണ് സ്‌കോട്ടലാൻഡ് യാർഡ് ഡെപ്യുട്ടി കമ്മീഷണർ സർ സ്റ്റീവ് ഹൗസ് പറഞ്ഞത്.

സ്നോബോൾ കളിക്കാൻ എത്തിയവർക്ക് കൂടി പിഴ വിധിച്ചതോടെ പൊലീസ് നടപടിയിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അത് പൊലീസ് കണക്കിലെടുക്കുന്നില്ല. ജനങ്ങൾക്ക് നിയമം അനുസരിക്കാൻ മടിയാണെന്നും അതുകൊണ്ടാണ് തങ്ങൾ കർക്കശ നിലപാടെടുക്കുന്നത് എന്നുമാണ് പൊലീസ് പറയുന്നത്. നിയന്ത്രണങ്ങൾ മാനിക്കാതെ ഒരു ചെറിയ ന്യുനപക്ഷം പുറത്ത് കറങ്ങി നടക്കുന്നത് അവരുടെ ജീവനെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടാമാണ്. രോഗവ്യാപനത്തിന് ഇക്കൂട്ടർ ശക്തി വർദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് രാജ്യ താത്പര്യവും പൊതുജന താതപര്യവും മുൻനിർത്തി ഇക്കൂട്ടർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നുതന്നെയാണ് പൊലീസ് വ്യക്തമാക്കുന്നത്.