ബ്രസീലിൽ കോവിഡ് കത്തിപ്പടരുകയണ്. ഈ ആഴ്‌ച്ച ആരംഭത്തിൽ തന്നെ കോവിഡ് മരണങ്ങൾ 2 ലക്ഷം കടന്ന ബ്രസീലിൽ ഇപ്പോൾ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ അതിവേഗം പരക്കുകയാണ്. ഈ ആഴ്‌ച്ച ശരാശരി 54, 784 പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 51 ശതമാനം അധികമാണിത്. വടക്കൻ വനമേഖല ഉൾപ്പെടുന്ന ആമസോണസ് സംസ്ഥാനത്തുനിന്നാണ് ഈ പുതിയ ഇനം വൈറസ്, ജനിതമാറ്റം സംഭവിച്ച് എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയ നാല് ജപ്പാൻ കാരിലാണ് ആദ്യമായി ഈ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. കോവിഡിന്റെ മാരകമായ പ്രഹര ശേഷിയെ വില കുറച്ചുകണ്ട് അതിനെ നേരിടുന്നതിൽ വീഴ്‌ച്ച വരുത്തിയ പ്രസിഡന്റിന്റെ നടപടികളാണ് ബ്രസീലിന്റെ അവസ്ഥ ഇത്ര ഭീകരമാക്കിയതെന്ന ആരോപണം ശക്തമാകുന്നുണ്ട്. അതേസമയം ബ്രസീലിൽ നിന്നും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനസർവ്വീസുകൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്തയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ പുതിയ ഇനം കൊറോണയേക്കാൾ ഭീകരമാണ് ബ്രസീലിയൻ വകഭേദം എന്നാണ് അനുമാനിക്കുന്നത്.

എന്നാൽ, ബ്രസീലിലെ പല വലിയ നഗരങ്ങളിലും തെരുവിലൂടിയഴുകുന്ന സാധാരണക്കാർക്ക് ഈ പുതിയ ഇനം വൈറസിനെ കുറിച്ച് യാതോരു അറിവുമില്ലെന്നതാണ് വാസ്തവം. രോഗവ്യാപനം വർദ്ധിക്കുമ്പോഴാണ് വൈറസുകൾക്ക് മ്യുട്ടേഷൻ സംഭവിക്കുക എന്നതാണ് സത്യം. ബ്രസീലിൽ രോഗവ്യാപനം വർദ്ധിച്ചുകൊണ്ടെ ഇരിക്കുകയാണ്. നിലവിൽ പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരിൽ 47 ശതമാനം പേരിലും ഈ പുതിയ ഇനം വൈറസാണ് കാണപ്പെടുന്നത്. ഇത് ഇപ്പോൾ നിലവിലുള്ള വാക്സിനുകളെ നിഷ്പ്രഭമാക്കുമോ എന്നൊരു ആശങ്കയും നിലനിൽക്കുന്നു.

അതിനിടെ ഒരിക്കൽ കോവിഡ് ബാധിച്ച് പിന്നീട് സുഖം പ്രാപിച്ച ഒരു ബ്രസീലിയൻ നഴ്സിന് രണ്ടാം തവണയും കോവിഡ് ബാധിച്ചു. ഇത്തവണ ഇവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച പുതിയ ഇനം വൈറസാണ്. പേരുവെളിപ്പെടുത്താത ഈ 45 കാരിക്ക് കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുതിയ ഇനം വൈറസ് ബാധിച്ചത്. ഇതിന് അഞ്ച് മാസങ്ങൾക്ക് മുൻപായിരുന്നു അവർ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചത്. രണ്ടാം തവണ രോഗബാധയേറ്റപ്പോൾ രോഗലക്ഷണങ്ങൾ ആദ്യ തവണയിലേതിനേക്കാൾ തീവ്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

കൊറോണ വൈറസ് മനുഷ്യ കോശത്തിൽ തൂങ്ങിക്കിടക്കുവാനും അകത്തേക്ക് പ്രവേശിക്കുവാനും ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ആദ്യ വൈറസ് ബാധയെ തുടർന്ന് ശരീരത്തിൽ ഉണ്ടായ സ്വാഭാവിക പ്രതിരോധ ശേഷി രണ്ടാമതെത്തിയ പുതിയ ഇനം വൈറസിനെ നേരിടാൻ പര്യാപ്തമായിട്ടുണ്ടാകില്ല എന്നാണ് അനുമാനിക്കുന്നത്. ഈ വസ്തുത തന്നെയാണ് നിലവിലുള്ള വാക്സിനുകൾ ബ്രസീലിയൻ വൈറസിനു മുന്നിൽ നിഷ്പ്രഭമാകുമോ എന്ന ഭയം ഉണർത്തുന്നതും.

ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതിയ ഇനം വൈറസുകൾ കത്തിപ്പടരുമ്പോൾ അവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിരോധിക്കുവാൻ കാലതാമസം എടുത്തതിനെതിരെ നിരവധി എം പി മാർ രംഗത്തെത്തി. നാളെ വെളുപ്പിന് നാലുമണിമുതൽക്കാണ് ബ്രസീൽ ഉൾപ്പടെയുള്ള വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും പോർച്ചുഗലിൽ നിന്നും ഉള്ളവർക്ക് രാജ്യത്ത് പ്രവേശനം നിഷേധിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷ്-ഐറിഷ് പൗരന്മാർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ ഇവർ പത്ത് ദിവസത്തെ ക്വാറന്റൈന് വിധേയരാകണം.