ബ്രിട്ടനിലെ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം കഴിഞ്ഞു എന്നതിന്റെ സൂചനപോലെ ഇന്നലെയും രോഗവ്യാപന തോതും മരണനിരക്കും കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ നേരിയതായി കുറഞ്ഞു. ഇന്നലെ 55,761 പേർക്ക് പുതിയതായി രോഗം രേഖപ്പെടുത്തിയപ്പോൾ 1,280 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനത്തിൽ 18 ശതമാനത്തിന്റെയും മരണനിരക്കിൽ 3.4 ശതമാനത്തിന്റെയും കുറവാണ് വന്നിരിക്കുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

ഇതുവരെ 32,34,946 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിലെ വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1.1 നും 1.3 നും ഇടയിലായി കുറഞ്ഞിട്ടുണ്ട് എന്ന് ശാസ്തോപദേശക സമിതി അംഗം അറിയിച്ചു. ഇത് 1 എന്ന സംഖയുടെ താഴെ കൊണ്ടുവന്നാൽ മാത്രമേ രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് പറയുവാൻ കഴിയൂ. ഡിസംബർ 19 മുതൽ തന്നെ ലോക്ക്ഡൗണിലുള്ള ലണ്ടനിൽ ഇത് ഇപ്പോൾ 0.9 എന്നായിട്ടുണ്ട് എന്നത് ആശാവഹമായ ഒരു കാര്യമാണ്.

ഇതെല്ലാം സൂചിപ്പിക്കുന്നത്, കോവിഡിന്റെ രണ്ടാം വരവിന്റെ മൂർദ്ധന്യ ഘട്ടം ഏതാണ്ട് കഴിയാറായിരിക്കുന്നു എന്നുതന്നെയാൺ'. എന്നിരുന്നാലും ആശ്വാസത്തിന് വഴിയില്ല. പ്രതിദിനം 50,000 ൽ താഴെ ആളുകൾ രോഗബാധിതരാകുമ്പോൾ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് മേൽ സമ്മർദ്ദമേറുകയാണ്. മാത്രമല്ല, പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ അധികമാണ്. ഏത് സമയത്തും കാര്യങ്ങൾ തിരിഞ്ഞുമറിയുവാനുള്ള സാധ്യതയും നിഷേധിക്കാനാകില്ല. പ്രത്യേകിച്ച്, വ്യാപന ശേഷി കൂടുതലുള്ള പുതിയ ഇനം കൊറോണകളുടെ സാന്നിദ്ധ്യം വ്യക്തമായ സ്ഥിതിക്ക്.

ഇതിനിടയിൽ, അതീവ തീവ്രമായ ബ്രസീലിയൻ വകഭേദത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനിൽ കണ്ടെത്തിയത് വീണ്ടും ആശങ്കയുണർത്തിയിട്ടുണ്ട്. മറ്റ് രണ്ട് പുതിയ വകഭേദങ്ങളേക്കാൾ വ്യാപനശേഷിയും പ്രഹരശേഷിയും അധികമുള്ള ഇനമാണിതെന്നാണ് അനുമാനിക്കുന്നത്. പതിനഞ്ചോളം പേരിലാണ് ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടൻ കൂടുതൽ കരുതലിലേക്ക് നീങ്ങുകയാണ്. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇനി മുതൽ ആർക്കും ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ഇന്നലെ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്‌ച്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

ബ്രിട്ടനിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുകയാണ്. മാത്രമല്ല, ബ്രിട്ടനിലേക്ക് വരുന്നവർ, യാത്രയ്ക്ക് 72 മണിക്കൂർ മുൻപായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. എന്നിരുന്നാലും, വെളിയിൽ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം. തെക്കേ അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോൾ തന്നെ ബ്രിട്ടനിൽ പ്രവേശന വിലക്കുണ്ട്.