മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാൻ ലഹരിക്കേസിൽ എൻസിബിയുടെ കസ്റ്റഡിയിൽ. എൻസിബി തെളിവോടെ പൂട്ടിയപ്പോൾ സമീർ ഖാനെ കോടതി 18 വരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞയാഴ്ച 200 കിലോഗ്രാം ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുകെ പൗരനടക്കമുള്ള മൂന്നംഗം സംഘവുമായി ഇടപാട് ഉണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് സമീർ ഖാനെ ബുധനാഴ്ച എൻസിബി അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ ഒരാൾക്ക് 20,000 രൂപ ഓൺലൈൻ ആപ് വഴി കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണു എൻസിബി സമീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

പണം കൈമാറിയത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാനാവാതെ വരികയും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണു പണം കൈമാറ്റമെന്നു അന്വേഷണസംഘം മനസ്സിലാക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്്. കോടതിയിൽ ഹാജരാക്കിയ സമീർ ഖാനെതിരെയുള്ള തെളിവ് ശക്തമായതിനാൽ 18 വരെ എൻസിബിയുടെ കസ്്റ്റഡിയിൽ വിടുക ആയിരുന്നു.

ബാന്ദ്രയിൽ സമീറിന്റെ വസതിയിലും ജൂഹുവിൽ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻസിബി ഇന്നലെ റെയ്ഡ് നടത്തി. ആരും നിയമത്തിന് അതീതരല്ലെന്നും നിയമനടപടി വിവേചനമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി നവാബ് മാലിക്. മകൾ നിലോഫറിന്റെ ഭർത്താവ് സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയെ താൻ ബഹുമാനിക്കുന്നതായും സത്യം നിലനിൽക്കുമെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു. കേസ് അന്വേഷണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ലഹരിക്കേസിൽ നവാബ് മാലിക്കിനെതിരെ ആരോപണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.