നോർവേയിൽ 23 മുതിർന്ന പൗരന്മാരുടെ മരണത്തിന് ഇടയാക്കിയത് കോവിഡ് വാക്സിന്റെ പാർശ്വഫലമായിരിക്കാം എന്ന് നോർവീജിയൻ ആരോഗ്യവകുപ്പ് അധികൃതർ പ്രസ്താവിച്ചു. ഇതിൽ 13 പേരിൽ നടത്തിയ ഓട്ടോപ്സിയിൽ പാർശ്വഫലങ്ങളായ പനി, ശർദ്ദി എന്നിവയുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും തന്നെ നഴ്സിങ് ഹോം അന്തേവാസികളായ 80 വയസ്സിൽ അധികം പ്രായമുള്ളവരാണ്. ഈയടുത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നവരുമാണിവർ.

മരണത്തെക്കുറിച്ച് ആശങ്കയില്ലെന്നും ചില മരണങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെന്നും നോർവീജിയൻ മെഡിക്കൽ വിഭാഗം പറഞ്ഞു. അതുകൊണ്ടു തന്നെ അവർ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി. ദുർബലരായ രോഗികൾക്ക് വാക്സിൻ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടർമാർക്ക് നൽകി. പനി, ശർദ്ധി തുടങ്ങിയവ എം ആർ എൻ എവാക്സിനുകൾക്ക് പാർശ്വഫലമായി വരാനിടയുള്ളവയാണ്. സ്വതവേ ആരോഗ്യസ്ഥിതി ദുർബലമായവരിൽ ഇത് മരണത്തിന് കാരണമായേക്കാം.

ഇതുവരെ 30,000 പേർ വാക്സിൻ സ്വീകരിച്ച നോർവേയിൽ 29 പേർക്കാണ് ഇതിന്റെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ അത്ര ഭയക്കേണ്ട ഒന്നല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വാക്സീൻ എടുക്കാതെ, കൂടുതൽ ഗുരുതരമായ കോവിഡ് അനുഭവിക്കുന്നതിലും നല്ലത്, പാർശ്വഫലങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുന്നതാണെന്നാണ് പൊതുവേയുള്ള വികാരം.

ഇത്രയും വ്യാപകമായി വാകിസ്ൻ നൽകുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇനിയും വാക്സിന്റെ പാർശ്വഫലങ്ങളുടെ ഫലമായുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിദഗ്ദർ പറയുന്നത്. അമേരിക്ക, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ നിന്നും ഇത്തരം പാർശ്വഫലം ഉള്ളതായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബ്രിട്ടനിൽ പതിനൊന്നോളം പേർക്ക് ബ്രസീലിയൻ കൊറോണ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത് ഏറെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് വാക്സിനുകളെ ചെറുത്തുനിൽക്കാനുള്ള കഴിവുകളുണ്ടെന്ന് ചില കോണുകളിൽ നിന്നും വന്ന വാർത്തയാണ് ഇത്തരത്തിലുള്ള ആശങ്കകൾക്ക് കാരണം. മാത്രമല്ല, ഈ ഇനം വൈറസുകൾക്ക് കൂടുതൽ വ്യാപനശേഷിയും പ്രഹരശേഷിയും ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ബ്രസീലിൽ ചൈനയിൽ വികസിപ്പിച്ചെടുത്ത വാക്സിൻ പ്രയോഗിച്ചപ്പോൾ 50 ശതമാനം മാത്രമായിരുന്നു അനുകൂല ഫലമുണ്ടായത്. അതുകൊണ്ടാണ് പുതിയ വാക്സിനുകൾ ഈ പുതിയ വകഭേദത്തെ നിയന്ത്രിക്കാൻ ഉതകില്ല എന്നൊരു ആശങ്ക വന്നത്. ഈ കരുത്തുറ്റ വൈറസാണ് ഇപ്പോൾ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്.

ചില റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ നവംബർ മുതൽ തന്നെ ഈ ഇനം വൈറസ് ബ്രിട്ടനിലുണ്ട്. ഇത് സത്യമാണെങ്കിൽ, കേവലം 11 പേരിലല്ല, ഇനിയും എത്രയോ അധികം പേരിൽ ഇത് വ്യാപിച്ചിരിക്കും എന്നാണ് ആശങ്ക.