- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
ജോർജ്ജ് ഓർവെലിന്റെ പ്രശസ്തമായ നോവൽ 'അനിമൽ ഫാമി' ൽ പറയുന്നുണ്ട്, എല്ലാ മൃഗങ്ങളും തുല്യരാണ് ചില മൃഗങ്ങൾ കൂടുതൽ തുല്യരാണെന്ന്. ഇതേ സമത്വമാണ് ചൈനയിലെ കമ്മ്യുണിസവും വാഗ്ദാനം ചെയ്യുന്നത്. എല്ലാവരും സമന്മാരാണ്. ചിലർ കൂടുതൽ സമന്മാരും. സാധാരണക്കാർക്കും തൊഴിലാളികൾക്കും ലഭിക്കുന്ന സമത്വത്തേക്കാൾ വലിയ സമത്വമായിരിക്കും പാർട്ടി നേതാക്കൾക്ക് ഉണ്ടായിരിക്കുക.
ഇങ്ങനെ കമ്മ്യുണിസത്തിന്റെ പേരുപറഞ്ഞ്, ഒരു ജനതയെ ആയുധത്തിൻ കീഴിൽ ബന്ധിതരാക്കി വളർത്തുന്ന ചൈനയെ പോലുള്ള ഒരു രാജ്യം അന്താരാഷ്ട്ര മര്യാദകളെ ബഹുമാനിക്കും എന്ന് കരുതുന്നത് തന്നെ തെറ്റ്. അതുകൊണ്ടാണല്ലോ ബ്രിട്ടനുമായി ഉണ്ടാക്കിയ അന്താരാഷ്ട്രം കരാറിന് പുല്ലുവില കൽപിച്ച് ഹോംഗ്കോങ്ങിൽ കരാള നിയമം നടപ്പിലാക്കിയത്. ലോകത്തിലെ തന്നെ സാമ്പത്തിക കേന്ദ്ര്മായിരുന്ന ഹോംഗ്കോങ്ങ് എന്ന നഗരത്തിന്റെ മനോഹാരിതയും സംസ്‌കാരവും നശിപ്പിച്ചുകൊണ്ട് ചൈനീസ് രീതികൾ അവിടെ അടിച്ചേല്പിക്കുകയാണിപ്പോൾ.
ഹോംഗ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുന്ന 50 രാഷ്ട്രീയ നേതാക്കളെ ചൈന അറസ്റ്റ് ചെയ്തതിനെ ശക്തമായ ഭാഷയിൽ അപലപിച്ച ആസ്ട്രേലിയയ്ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചൈന.ചൈന വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലിജിയൻ ഷാവോ ആണ് ട്വീറ്ററിലൂടെ ഈ ഭീഷണി ഉയർത്തിയത്. ഒരു കുട്ടിയുടെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ആസ്ട്രേലിയൻ സൈനികന്റെ ഫേക്ക് ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ചൈനയോട് കളിക്കാൻ വന്നാൽ സ്ഥിതി ഇതായിരിക്കും എന്നുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചൈനയുടെ പരമാധികാരം അംഗീകരിക്കാത്തവരുമായി യുദ്ധമെങ്കിൽ യുദ്ധംതന്നെ ചെയ്യേണ്ടിവരുമെന്നാണ് വക്താവ് പറയുന്നത്. ഹോംഗ്കോങ്ങിൽ ചൈനയുടെ ഏകാധിപത്യ ഭരണകൂടം കരാള നടപടികൾ എടുക്കുന്നു എന്നരീതിയിൽ പാശ്ചാത്യ മാധ്യമങ്ങൾ കള്ളത്തരം പ്രചരിപ്പിക്കുകയാണെന്നും അയാൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തേ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോംഗ്കോങ്ങ് ഇപ്പോൾ പൂർണ്ണമായും ഒരു ചൈനീസ് പ്രദേശമാണെന്നും അവിടത്തെ ക്രമസമാധാനപാലനം ചൈനയുടെ മാത്രം ചുമതലയാണെന്നും വക്താവ് അറിയിച്ചു.
സ്വയം ഭരണപ്രദേശമായി ചൈനയ്ക്ക് കീഴിൽ നിലകൊണ്ടിരുന്ന ഹോംഗ്കോങ്ങിനെ കഴിഞ്ഞവർഷമണ് പുതിയ ദേശീയ സുരക്ഷാ നിയമത്തിലൂടെ പൂർണ്ണമായും ചൈനയുടെ വരുതിയിലാക്കിയത്. അതിനെതിരെ ഹോംഗ്കോങ്ങിൽ വലിയ പ്രക്ഷോഭം തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മാത്രമല്ല, മുൻ പതിവനുസരിച്ച് ജനാധിപത്യ രീതിയിൽ ഭരണകൗൺസിലിലേക്ക് നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പും റദ്ദാക്കി. പുതിയ നിയമത്തിന് എതിരാണ് തിരഞ്ഞെടുപ്പ് എന്ന വാദഗതി ഉയർത്തിയാൺ' ചൈന തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇതിനെതിരെ അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ആസ്ട്രേലിയയും രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് നിയമപ്രകാരം നടത്തണമെന്നും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യംകാത്തുസൂക്ഷിക്കണമെന്നും ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ചൈനീസ് വക്താവ് യുദ്ധ പ്രഖ്യാപനവുമായി എത്തിയത്. നേരത്തേ കോവിഡ് വ്യാപനത്തിൽ ചൈനയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്ന രാജ്യമാണ് ആസ്ട്രേലിയ.
മറ്റൊരു ചൈനീസ് ക്രൂരത
കനത്ത ഇരുമ്പുമറയ്ക്കുള്ളിൽ എന്തു നടക്കുന്നു എന്ന് പുറത്തറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എങ്കിലും പലവഴികളിലൂടെ ചൈനയ്ക്കുള്ളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും കഥകൾ പുറം ലോകം അറിയാറുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിഷേധിച്ചുകൊണ്ട് ഉയിഗൂർ മുസ്ലീങ്ങളുടെ വംശഹത്യ നടത്തുന്നതും, ടിബറ്റൻ മേഖലയിൽ തനത് സംസ്‌കരം മായ്ച്ചുകളയാൻ ശ്രമിക്കുന്നതുമൊക്കെ അങ്ങനെയാണ് പുറം ലോകം അറിഞ്ഞത്.
ഉയിഗുർ മുസ്ലീങ്ങളെ പഠനത്തിനായി താമസിപ്പിക്കുന്നു എന്ന പേരിൽ ജയിലിലടച്ച് കഠിനമായി ജോലി ചെയ്യിപ്പിച്ചിട്ടാണ് പല ചൈനീസ് ഉദ്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് എന്ന വർത്തയും വന്നു. ഇതിനു പിന്നാലെയാണ് ലോകത്തെ ദുരന്തത്തിലാഴ്‌ത്തിയ കൊറോണ വൈറസിന്റെ ഉദ്ഭവം ചൈനയിലെ വുഹാനിലെ ലാബ് തന്നെയാണെന്നതിന് കൂടുതൽ തെളിവുമായി അമേരിക്ക എത്തുന്നത്.
വുഹാനിൽ പടർന്ന് പിടിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് ഈ ലാബിലെ ജീവനക്കാർക്ക് കോവിഡ് ബാധ ഉണ്ടായതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെളിപ്പെടുത്തി. വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിൽ പല ജീവനക്കാർക്കും വൈറസ് ബാധയുണ്ടായതായാണ് പോംപിയോ പറഞ്ഞത്.
തീർത്തും അതീവ രഹസ്യമായി ചില സൈനിക പ്രൊജക്ടുകൾക്ക് വേണ്ടി വവ്വാലിൽ നിന്നുള്ള കൊറോണ വൈറസിൽ ചില പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ഈ ശാസ്ത്രജ്ഞർ. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ലാബ് സന്ദർശിക്കാൻ ഇരിക്കുന്ന അവസരത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ