കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കൂടുതൽ നടപടികളിലേക്ക് കസ്റ്റംസ്. കടത്തിലെ ഗൂഢാലോചന കണ്ടെത്താനാണ് നീക്കം. ഡോളർ കടത്തിലും അതിശക്തമായ നടപടികൾ ഉണ്ടാകും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിദേശത്തു നിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റെബിൻസ് കെ.ഹമീദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് അപേക്ഷ സമർപ്പിച്ചത് ഇതിന്റെ ഭാഗമാണ്.

സ്വർണക്കടത്തിനു വേണ്ടി വിദേശത്തേക്കു കടന്ന റെബിൻസാണു ദുബായിയിൽ തമ്പടിച്ചു കുറ്റകൃത്യത്തിനു നേതൃത്വം നൽകിയത്. സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള കൂടുതൽ പ്രതികളെ കണ്ടെത്താൻ റെബിൻസിനെ 10 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണു കസ്റ്റംസിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വി.വിവേകാണ് സാമ്പത്തിക കുറ്റവിചാരണ കോടതി മുൻപാകെ അപേക്ഷ നൽകിയത്.

സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ. ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. 19 ന് ഹാജരാകണമെന്ന് കാട്ടി ജോയിന്റ് ചീഫ് പ്രേട്ടോക്കോൾ ഓഫീസർ ഷൈൻ എ. ഹക്കിന് നോട്ടീസ് നൽകി. അസിസ്റ്റന്റ് പ്രേട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളല്ലാത്തവർക്ക് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന തിരിച്ചറിയൽ കാർഡ് നൽകി എന്നതാണ് പ്രോട്ടോക്കോൾ ഓഫീസർക്കെതിരേ ഉയർന്നിട്ടുള്ള ആരോപണം.

സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിൽ ഒരാളെന്നു കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നയതന്ത്ര തിരിച്ചറിയൽരേഖ നൽകിയതാണ് വിവാദമായത്. ഇയാൾക്ക് നയതന്ത്ര പരിരക്ഷയില്ല. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴിയിലാണു ഖാലിദിന് നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിന് തിരിച്ചറിയൽ കാർഡ് ഉണ്ടെന്നു വെളിപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. എൻഐഎയും ഖാലിദിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

എല്ലാം ഷൈൻ ഹഖ് പറഞ്ഞതു പ്രകാരമാണ് ചെയ്തതെന്ന് ഹരികൃഷ്ണനും മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. റെബിൻസ് അടക്കമുള്ളവരെ ഷൈൻ ഹഖിന് അറിയാമോ എന്നും പരിശോധിക്കും. ഷൈൻ ഹഖിന്റെ അനധികൃത സ്വത്തിലും സംശയങ്ങളുണ്ട്. ഇതും പരിശോധിക്കും. ഇപ്പോൾ കസ്റ്റംസാകും പ്രധാനമായും അന്വേഷിക്കുക. ഇത് അടുത്ത ഘട്ടത്തിൽ എത്തിയാൽ എൻഐഎയും അന്വേഷണത്തിൽ സജീവമാകും.

എം ശിവശങ്കർ അടക്കമുള്ളവരുടെ കാര്യത്തിൽ എൻഐഎ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇവരെ എൻഐഎ കേസിൽ പ്രതിയും ചേർത്തില്ല. ഇതെല്ലാം ഇനിയുണ്ടാകുമെന്നാണ് സൂചന.