തൃശൂർ: പൊലീസുകാരുമായി കൊമ്പു കോർക്കാൻ ശ്രമിക്കുന്ന തടവുകാർക്കെതിരെ പുതിയ കേസ് എടുക്കാൻ ജയിൽ വകുപ്പിന്റെ നിർദ്ദേശം. തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് രജിസ്റ്റർ ചെയ്യാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്.

കോടതികളിലും അന്വേഷണ ഏജൻസികൾക്കു മുന്നിലും മർദനത്തിന്റെ പേരിൽ ജയിൽവകുപ്പ് നാണംകെടുന്നതു പതിവായതോടെയാണ് നിർദ്ദേശം. തടവുകാരുടെ ക്രിമിനൽ പശ്ചാത്തലം, ജയിലിലെ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കാൻ ഓരോ ജയിലുകൾക്കും ഡിജിപി നിർദ്ദേശം നൽകി.