ന്യൂഡൽഹി: ലോകജനസംഖ്യയിൽ പ്രവാസജീവിതം നയിക്കുന്നവരിൽ ഒന്നാമത് ഇന്ത്യക്കാരെന്ന് യുഎന്നിന്റെ റിപ്പോർട്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.8 കോടി ഇന്ത്യക്കാരാണ് ഉള്ളത്. അതേസമയം, ഏറ്റവുമധികം ഇന്ത്യക്കാർ കഴിയുന്നത് യുഎഇയിലാണ്. 35 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. യുഎഇ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ളത് യുഎസിലാണ്. 27 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്.

25 ലക്ഷം ഇന്ത്യക്കാരെ ഉൾക്കൊള്ളുന്ന സൗദിയാണു മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, യുകെ എന്നിവയാണ് ഇന്ത്യക്കാർ ഏറെയുള്ള മറ്റു രാജ്യങ്ങൾ. ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് പ്രവാസത്തിൽ കഴിയുന്നവരിൽ മെക്‌സിക്കൻ, റഷ്യൻ പൗരന്മാരാണ് മുന്നിൽ (1.1 കോടി വീതം). ഒരു കോടി ചൈനക്കാരും 80 ലക്ഷം സിറിയക്കാരും വിവിധ രാജ്യങ്ങളിൽ കഴിയുന്നു.

ആകെ ലോകജനസംഖ്യയിൽ 28.1 കോടി പേർ (4%) പ്രവാസികളായുണ്ട്. യുദ്ധം, കലാപം തുടങ്ങിയ കാരണങ്ങൾ മൂലം സ്വന്തം രാജ്യംവിട്ടുപോകേണ്ടി വന്നവർ 3.4 കോടി. യൂറോപ്പാണ് ഏറ്റവുമധികം പ്രവാസികളെ ഉൾക്കൊള്ളുന്ന ഭൂഖണ്ഡം (8.7 കോടി). വടക്കേ അമേരിക്കയാണു രണ്ടാം സ്ഥാനത്ത് (5.9 കോടി). ഏറ്റവുമധികം പ്രവാസികളെ ഉൾക്കൊള്ളുന്ന രാജ്യം യുഎസാണ് (5.1 കോടി).

കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്തെ ആകെ പ്രവാസികളുടെ എണ്ണം വർധിച്ചപ്പോൾ ഏറ്റവും നേട്ടമുണ്ടാക്കിയതും ഇന്ത്യയാണ്. ഒരു കോടിയോളം ഇന്ത്യക്കാരാണു കഴിഞ്ഞ രണ്ടു ദശകത്തിനിടെ വിവിധ രാജ്യങ്ങളിലേക്കു ചേക്കേറിയത്. അതേ സമയം, ഇന്ത്യയിൽ പ്രവാസികളായി കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ വലിയ കുറവുണ്ടായി.