ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള നൂറിലേറെ വിമാനങ്ങൾ വൈകി. ഡൽഹിയിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന 80 ൽ ഏറെ വിമാനങ്ങളും മറ്റു സ്ഥലങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള 50ൽ ഏറെ വിമാനങ്ങളും വൈകിയെന്നു അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാവിലെ വിമാനത്താവളത്തിലും പരിസരത്തും പൂജ്യം മീറ്ററാണു കാഴ്ചപരിധി രേഖപ്പെടുത്തിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കടക്കമുള്ള വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ഉച്ചയ്ക്കു 2.30 നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത വിസ്താര വിമാനം 4.30 നാണു പുറപ്പെട്ടത്.

ഡിസംബർ 8നും ഈ മാസം ഒന്നിനും ഡൽഹിയിൽ കാഴ്ച പരിധി പൂജ്യം മീറ്ററായിരുന്നു. നഗരത്തിൽ ഇന്നലെ 6.6 ഡിഗ്രിയാണു കുറഞ്ഞ താപനില. വ്യാഴാഴ്ച 2 ഡിഗ്രി വരെ താണിരുന്നു.