ധികാരമേൽക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പ്രസിഡണ്ടാകാനുള്ള തയ്യാറെടുപ്പുകൾ ജോ ബൈഡൻ തുടങ്ങിക്കഴിഞ്ഞു. ബൈഡന്റെ ആദ്യത്തെ വിദേശയാത്ര ബ്രിട്ടനിലേക്ക് ആയിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. കാർബിസ് ബേയിൽ, ജൂണിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായിരിക്കും ജോ ബൈഡൻ എത്തുക. ഇതായിരിക്കും പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ വിദേശ സന്ദർശനം.

അതേസമയം, ട്രംപ് നടപ്പിലാക്കിയ വിവാദപരമായ പല നിയമങ്ങളും ജോ ബൈഡൻ റദ്ദാക്കിയേക്കും എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ട്രംപിന്റെ നയത്തിന് ഏകദേശം വിപരീതമായ നയമായിരിക്കും പുതിയ സർക്കാർ കൈക്കൊള്ളുക എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അതിലൊന്നാണ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക്. ട്രംപ് ഏർപ്പെടുത്തിയ ഈ നിയന്ത്രണം എടുത്തുകളയുവാനുള്ള തയ്യാറെടുപ്പിലാണ് ജോ ബൈഡൻ. അതുപോലെ പാരിസ് കാലാവസ്ഥ കരാറിലും അമേരിക്ക ചേരും. നേരത്തേ ട്രംപായിരുന്നു ഇതിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം എടുത്തത്.

അമേരിക്കൻ പ്രസിഡണ്ടിനോടൊപ്പം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ, ജപ്പനിലെ പുതിയ പ്രധാനമന്ത്രി യോഷിഡേ സുഗ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേ, ഇറ്റലിയുടെ ഗിസേപ്പെ കോണ്ടെ എന്നിവരും ഈ ഉച്ചകോടിയിൽ പങ്കെടുക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നുണ്ട്. കേവലം 3000 താമസക്കാർ മാത്രമുള്ള താരതമ്യേന ശാന്തമായ കാർബിസ് ബേ എന്ന ഗ്രാമത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ഇതാദ്യമായാണ് പ്രധാന നഗരങ്ങളെല്ലാം വിട്ട്, ഇത്രയും ചെറിയൊരു പ്രദേശത്ത് ഇത്തരത്തിലൊരു ഉച്ചകോടി നടക്കുന്നത്.

സ്വപ്നങ്ങൾ തകർന്ന ട്രംപ് പടിയിറങ്ങുന്നത് ഏകനായി

അധികാരത്തിൽ കടിച്ചുതൂങ്ങാൻ നോക്കി എന്നാൽ, നടന്നില്ല, വൈറ്റ്ഹൗസിൽ നിന്നും ഇറങ്ങുന്ന കാര്യം ചിന്തിക്കാൻ പോലും ട്രംപിന് ആകുമായിരുന്നില്ല. പക്ഷെ യാഥാർത്ഥ്യത്തെ അംഗീകരിച്ചല്ലെ മതിയാകൂ. അതുകൊണ്ടുതന്നെ ട്രംപ് ജനുവരി 20 ന് ജോ ബൈഡൻ അധികാരമേൽക്കുന്നതോടെ വൈറ്റ്ഹൗസ് വിട്ടൊഴിയും. എന്നാൽ, വൈറ്റ്ഹസിനോട് വിടപറയുന്ന ചടങ്ങ് അവിസ്മരണേീയമാക്കണമെന്ന് ട്രംപ് ആഗ്രഹിച്ചു.

സായുധസൈന്യത്തിന്റെ പരേഡ്, അച്ചടക്കത്തോടെ നിരനിരയായി നിന്ന് സല്യുട്ട് ചെയ്യുന്ന സൈനികരുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച് അവർക്കിടയിലൂടെ നടന്നു നീങ്ങി വൈറ്റ്ഹൗസിന്റെ പടിവാതിൽക്കൽ എത്തുമ്പോൾ അവിടെ ആർപ്പുവിളിയോടെ എതിരേൽക്കാൻ ആയിരക്കണക്കിന് അനുയായികളും ആരാധകരും. അവരുടെ മുദ്രാവാക്യങ്ങൾ കേട്ടുകൊണ്ട്, അവരെ അഭിവാദ്യം ചെയ്തുകൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറണം. ഇതായിരുന്നു ട്രംപിന്റെ സ്വപ്നം. എന്നാൽ അതൊക്കെ തകർന്നടിയാൻ അധിക സമയം വേണ്ടിവന്നില്ല.

സായുധ സേനയുടെ പരേഡുമായി ബന്ധപ്പെട്ട് ട്രംപ് ഉയർത്തിയ ആവശ്യം പ്രതിരോധവകുപ്പ് നിരാകരിച്ചു. അമേരിക്കൻ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫാണ് പ്രസിഡണ്ട്. എന്നാൽ അദ്ദേഹത്തിന് സൈനിക യാതാ അയപ്പ് നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പെന്റഗൺ അറിയിച്ചു. ട്രംപ് അധികാരമെറ്റതുമുതൽ തന്നെ നിരവധി അവസരങ്ങളിൽ സൈനിക പരേഡുകൾ നടത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ ശക്തി മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ എന്നുപറഞ്ഞായിരുന്നു ചെലവേറിയ ഈ പരേഡ് പല സാഹചര്യങ്ങളിലും നടത്തിയത്. ഏറ്റവും അവസാനം സൈനിക പരേഡ് നടത്തിയത് 2019 ലെ സ്വാതന്ത്ര്യദിനത്തിനായിരുന്നു.