കോട്ടയം: പട്ടികജാതി കുടുംബത്തിൽപ്പെട്ട പെൺകുട്ടികളോടുള്ള കരുതലുമായി വാത്സല്യനിധി പദ്ധതിയുമായി സർക്കാർ. പെൺകുട്ടികൾക്ക് 18 വയസ്സാകുമ്പോൾ കയ്യിൽ മൂന്ന് ലക്ഷം രൂപ കിട്ടുന്ന പദ്ധതിയാണിത്. അച്ഛനമ്മമാർ തങ്ങളുടെ കയ്യിൽ നിന്നും പത്ത് പൈസ പോലും ഈ പദ്ധതിയിലംഗമാകാൻ മുടക്കേണ്ട. എൽഐസിയുമായി ചേർന്ന് സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെലവ് മുഴുവൻ സർക്കാർ വഹിക്കും.

നാലര വർഷം മുന്നേ ഈ പദ്ധതി നിലവിൽ വന്നെങ്കിലും ഇതേ കുറിച്ച് അറിയാത്തവർ നിരവധിയാണ്. 12,121 പേർ മാത്രമാണ് ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായിട്ടുള്ളത്. ഇവർക്കായി 47.27 കോടി രൂപ എൽ.ഐ.സി.യിൽ പ്രീമിയമായി സർക്കാർ അടച്ചു. ഒരു രൂപപോലും സ്വന്തം കൈയിൽനിന്ന് രക്ഷിതാക്കൾ പ്രീമിയം അടയ്ക്കേണ്ട. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികൾക്കാണ് വാത്സല്യനിധി പദ്ധതിയിൽ ചേരാവുന്നത്. ജനിച്ച് ഒൻപതുമാസത്തിനകം രക്ഷിതാക്കൾ അപേക്ഷിക്കണം.

പെൺകുട്ടി ജനിച്ച് ഒൻപതു മാസം പൂർത്തിയാകുമ്പോൾ ആദ്യഗഡുവായി 39,000 രൂപ പട്ടികജാതി വികസനവകുപ്പ് എൽ.ഐ.സി.യിൽ നിക്ഷേപിക്കും. രണ്ടാം ഗഡുവായ 360,00 രൂപ അഞ്ച് വയസ്സ് പൂർത്തിയായി പ്രൈമറി സ്‌കൂളിൽ പ്രവേശനം നേടുമ്പോൾ. 10 വയസ്സ് പൂർത്തിയായി അഞ്ചാം ക്ലാസിൽ പ്രവേശനം നേടുമ്പോൾ മൂന്നാം ഗഡുവായ 33,000 രൂപയും 15 വയസ്സ് പൂർത്തിയാകുമ്പോൾ നാലാം ഗഡുവായ 30,000 രൂപയും നിക്ഷേപിക്കും. ഇക്കാലയളവിൽ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ കുത്തിവെയ്പുകളും കുട്ടികൾക്ക് നൽകിയതിന്റെ രേഖകൾ യഥാസമയം എൽ.ഐ.സി.ക്ക് നൽകണം.

അപേക്ഷ നൽകേണ്ടത്
ബ്ലോക്ക് ഓഫീസ്, നഗരസഭ, കോർപ്പറേഷൻ ഓഫീസുകളിൽ അപേക്ഷ നൽകാം. പട്ടികജാതി വികസന ഓഫീസിലും അപേക്ഷിക്കാം. പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കുന്നില്ല. പഞ്ചായത്ത് പരിധിയിലുള്ളവർ ബ്ലോക്കിലോ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷിക്കണം.

ജനന സർട്ടിഫിക്കറ്റ്, ഡോക്ടറുടെ പ്രതിരോധ കുത്തിവെയ്പ് സാക്ഷ്യപത്രം, രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രക്ഷിതാക്കൾക്കൊപ്പമുള്ള ഫോട്ടോ.

ഈ പദ്ധതിയിൽ അംഗമാകുന്നവരുടെ കുടുംബത്തിനുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പോളിസി ഉടമയുടെ അപകടമരണത്തിന് നാലു ലക്ഷം, സാധാരണ മരണത്തിന് രണ്ടു ലക്ഷം, അപകടത്തിൽ അംഗവൈകല്യം-ഒരു ലക്ഷം, പൂർണ അംഗവവൈകല്യം-രണ്ടു ലക്ഷം, രക്ഷിതാവിന്റെ മരണം-30,000 എന്നിങ്ങനെയാണ് പരിരക്ഷ.