ഭോപ്പാൽ: എട്ടു മാസം പ്രായമായ കുഞ്ഞിനെ അമ്മ കോടാലിക്ക് വെട്ടിക്കൊന്നു. തന്റെ കുഞ്ഞ് ഒരു ' ആട്' ആണെന്നു പറഞ്ഞാണ് പെറ്റമ്മ കുഞ്ഞിനെ കോടാലിക്ക് കുത്തി നുറുക്കിയത്. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരാരു ഗ്രാമവാസിയായ അമ്മ രശ്മി ലോധിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് റിപ്പോർട്ട്. ചികിത്സാർഥം നേരത്തെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും സൂചനയുണ്ട്.

കുട്ടിയുമായി വീട്ടിൽ നിന്നും പുറത്തേക്ക് പോയ രശ്മി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലേക്ക് തിരികെ വരുന്നത്. പേറ്റു നോവിന്റെ വേദന ശരീരത്തിൽ നിന്നും വിട്ടു മാറും മുന്നേ അമ്മ കുരുന്നിനെ വെട്ടിനുറുക്കിയതിന്റെ നടുക്കത്തിലാണ് ഒരു നാട് മുഴുവനും. 'അവൻ ഒരു ആടായിരുന്നു. ഞാൻ അവനെ വന്ന സ്ഥലത്തേക്ക് തിരിച്ചയച്ചു' രക്തത്തിൽ കുളിച്ച കുഞ്ഞിന്റെ മൃതദേഹം വീട്ടുകാരെ കാണിച്ചു കൊണ്ട് രശ്മി പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ കുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ രശ്മി മണിക്കൂറുകൾക്കുശേഷമാണു തിരിച്ചെത്തിയത്. വന്നപ്പോൾ കുഞ്ഞിന്റെ ദേഹത്തുനിന്ന് അമിതമായി രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് എത്തി ഇവരെ അറസ്്റ്റ് ചെയ്തതെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കുറ്റകൃത്യം മറച്ചുവയ്ക്കാനാണു രശ്മിയുടെ കുടുംബം ആദ്യം ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

രശ്മിയുടെ അമ്മ കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ആശുപത്രിയിൽ എത്തിച്ചതായും പടിക്കെട്ടിൽനിന്നു വീണെന്നു പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച കോടാലി കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഹൈവേ റോഡിൽ കുഞ്ഞിനെ നിർത്തിയശേഷം കഴുത്തിൽ ഒന്നിലധികം തവണ വെട്ടിയെന്നാണു പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടത്. കുട്ടിയെ അമ്മ ബലി നൽകിയെന്നാണു നാട്ടുകാർ പറയുന്നത്.