വാഷിങ്ടൻ ഡിസി: നാളെ നടക്കുന്ന ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും സത്യ പ്രതിജ്ഞാ ചടങ്ങിന് അമേരിക്ക ഒരുങ്ങുമ്പോൾ കൂടുതൽ സുരക്ഷാ വലയത്തിലേക്ക് മാറുകയാണ് രാജ്യ തലസ്ഥാനം. അമേരിക്കൻ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തുണ്ടായ ആക്രമണവും സംഘർഷാവസ്ഥയും മൂലം നാളെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ വേളയിൽ ഏത് ഭാഗത്തു നിന്നും ഒരു ആക്രണമണം ഉണ്ടായേക്കാമെന്ന കണക്കു കൂട്ടലിലാണ് എഫ്ബിഐ. അതുകൊണ്ട് തന്നെ പതിവില്ലാത്ത വിധം സൈന്യത്തിന്റെ കാവലിലാണ് വാഷിങ്ടൺ ഡി സി.

കലാപ ആഹ്വാനം ഉള്ളതും പാർലമെന്റ് മന്ദിരത്തിലേക്ക് നേരത്തെ ജനങ്ങൾ ഇരച്ചു കയറിയതും കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. പാർലമെന്റ് മന്ദിരത്തിനു സമീപം നാളെ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സുരക്ഷയൊരുക്കാൻ 25,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ വൻതോതിൽ പൊലീസും എഫ്ബിഐ അടക്കമുള്ള മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാർലമെന്റ് മന്ദിരവും വൈറ്റ്ഹൗസും കൂടാതെ പെൻസിൽവേനിയ അവന്യൂവിന്റെ പ്രധാനഭാഗങ്ങളെല്ലാം റോഡുകൾ അടച്ചും എട്ടടിപ്പൊക്കത്തിൽ ഇരുമ്പു ബാരിക്കേഡുകൾ സ്ഥാപിച്ചും മുൻകരുതലെടുത്തിട്ടുണ്ട്.

ബൈഡന്റെയും കമലയുടെയും സുരക്ഷാ ഉദ്യോഗസ്ഥർ വരെ എഫ്ബിഐയുടെ സംശയ നിഴലിലാണ്. സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്നു തന്നെ ആക്രമണമുണ്ടാകുമോ എന്ന ഭയവും ഉണ്ട്. സേനകളിലെ ഓരോരുത്തരുടെയും പൂർവചരിത്രം എഫ്ബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. നാളെ ഉച്ചയ്ക്കു 12നാണു (ഇന്ത്യൻ സമയം നാളെ രാത്രി 10.30) ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ. കോവിഡ് മൂലം ജനക്കൂട്ടം ഒഴിവാക്കേണ്ടതിനാൽ ചടങ്ങുകൾ വീട്ടിലിരുന്ന് കാണാൻ ബൈഡന്റ് സംഘം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങു കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും മുൻ വർഷങ്ങളിൽ വൻ ജനക്കൂട്ടമെത്തിയിരുന്നത് ഈ മൈതാനത്താണ്.

അതേസമയം ജയിലിൽ കഴിയുന്നതോ ശിക്ഷാ നടപടികൾ നേരിടുന്നതോ ആയ നൂറോളം ഇഷ്ടക്കാർക്കു പ്രസിഡന്റിന്റെ സവിശേഷ അധികാരമുപയോഗിച്ചു മാപ്പു നൽകി ഭരണത്തിലെ അവസാനദിനമായ ഇന്ന് ഡോണൾഡ് ട്രംപ് ഉത്തരവിറക്കുമെന്നു റിപ്പോർട്ടുകളുണ്ട്.

പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ തിരികെച്ചേരുന്നതും 6 മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള യാത്രാവിലക്ക് നീക്കുന്നതും മെക്‌സിക്കോ അതിർത്തിയിൽ ഒറ്റപ്പെട്ടു പോയ കുടിയേറ്റക്കാരായ കുട്ടികൾക്കു മാതാപിതാക്കളുടെ അടുത്തെത്താൻ സഹായം നൽകുന്നതും ഉൾപ്പെടെ അടിയന്തര നടപടികൾ ഭരണമേറ്റെടുത്ത് ആദ്യ ദിനം ബൈഡനിൽ നിന്നു പ്രതീക്ഷിക്കാം.