കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി ബിഷപ് ഡോ. സാബു കെ.ചെറിയാൻ അഭിഷിക്തനായി. കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. കത്തീഡ്രൽ ഹൗസിൽ നിന്നു നിയുക്ത ബിഷപ്പിനെ ആനയിച്ചതോടെയാണു ശുശ്രൂഷകൾ ആരംഭിച്ചത്. ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിനരാജ് തിരഞ്ഞെടുപ്പ്, നിയമനം എന്നിവയുടെ പ്രമാണം വായിച്ചു.

സിഎസ്‌ഐ സഭാ പരമാധ്യക്ഷൻ മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലം, മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മധ്യകേരള മഹായിടവക മോഡറേറ്റേഴ്‌സ് കമ്മിറ്റി ബിഷപ് ഡോ. ഉമ്മൻ ജോർജ് എന്നിവർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. മോഡറേറ്ററുടെ മുന്നിൽ മുട്ടുകുത്തിയ നിയുക്ത ബിഷപ്പിന്റെ ശിരസ്സിൽ കൈവച്ചു ബിഷപ്പുമാർ പ്രാർത്ഥന നടത്തി. തുടർന്ന് അഭിഷേകം ചെയ്തു.

കുർബാനയ്ക്കു ശേഷമായിരുന്നു മഹായിടവക അധ്യക്ഷനായുള്ള സ്ഥാനാരോഹണ ശുശ്രൂഷ. മോഡറേറ്റർ അംശവടിയും കുരിശുമാലയും മോതിരവും നൽകിയ ശേഷം ബിഷപ്പായി പ്രഖ്യാപിച്ചു. തുടർന്നു കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെത്തിയ ബിഷപ് അകത്തേക്കു പ്രവേശിച്ചു. സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ. കെ.രൂബേൻ മാർക്ക്, ബിഷപ് തിമോത്തി രവീന്ദർ, ബിഷപ് എം. ജോസഫ്, ബിഷപ് ഡോ. ഡി.ചന്ദ്രശേഖർ, ബിഷപ് എ.ആർ.ചെല്ലയ്യ, ബിഷപ് എ.സി.സോളമൻ, ബിഷപ് ശർമ നിത്യാനന്ദം, ബിഷപ് ജോർജ് കൊർണോലിയോസ്, ബിഷപ് ബേക്കർ നൈനാൻ ഫെൻ, ബിഷപ് റോയ്‌സ് മനോജ് വിക്ടർ, ബിഷപ് വി എസ്.ഫ്രാൻസിസ്, മധ്യകേരള മഹായിടവക മുൻ അധ്യക്ഷരായ ബിഷപ് തോമസ് കെ. ഉമ്മൻ, ബിഷപ് തോമസ് സാമുവൽ, ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് ഡോ. കെ.ജി ദാനിയേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.