കോട്ടയം: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് നിയമസഭാ അംഗമായിരിക്കെ മരിച്ച 50-ാമത്തെ നേതാവ്. 1996 ലെ തിരഞ്ഞെടുപ്പിൽ, ജയിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനു മുൻപു മരിച്ച പി.കെ.ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്. ഇപ്പോഴത്തെ നിയമസഭയിലെ ഏഴാമത്തെ മരണമാണിത്. 5, 9 നിയമസഭകളിലും 6 പേർ വീതം അന്തരിച്ചു. കൂടുതൽ ആയുസ്സുണ്ടായിരുന്ന നാലാം നിയമസഭയിലാണു കൂടുതൽ പേർ മരിച്ചത് 3 മന്ത്രിമാർ ഉൾപ്പെടെ 8 പേർ.

പതിനാലാം കേരള നിയമസഭയുടെ കാലത്ത് മരിക്കുന്ന ഏഴാമത്തെ സിറ്റിങ് എംഎൽഎയാണ് കെ.വി.വിജയദാസ്. ഇതോടെ 14-ാം കേരള നിയമസഭയിൽ 12-ാമത്തെ ഒഴിവാണുണ്ടാകുന്നത്. ഏഴ് നിര്യാണവും 5 രാജിയുമാണ് കാരണം. കെ.എം.മാണി (പാലാ), സി.എഫ്.തോമസ് (ചങ്ങനാശേരി), തോമസ് ചാണ്ടി (കുട്ടനാട്), പി.ബി.അബ്ദുൽ റസാക്ക് (മഞ്ചേശ്വരം), കെ.കെ.രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), എൻ.വിജയൻപിള്ള (ചവറ) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചത്.

പിണറായി വിജയൻ സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോങ്ങാട് എംഎൽഎയായിട്ടുള്ള വിജയദാസിന്റെ വിടവാങ്ങൽ ഉണ്ടായിട്ടുള്ളത്. നാലാം നിയസഭയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സിറ്റിങ് എംഎൽഎമാർ മരിക്കുന്ന രണ്ടാമത്തെ നിയമസഭ കൂടിയാണിത്. സി.അച്യുത മേനോന്റെ നേതൃത്വത്തിലുള്ള നാലാം നിയമസഭയിലാണ് ഏറ്റവും കൂടുതൽ സിറ്റിങ് എംഎൽഎമാർ മരിച്ചത്. എട്ട് എംഎൽഎമാരാണ് അന്ന് വിടവാങ്ങിയത്.