ബ്രിട്ടണിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനകൾ പുറത്തുവന്നു തുടങ്ങി. ഇന്നലെ പുതിയ കേസുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 37,535 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യയിൽ നേരിയ വർദ്ധനവ് അനുഭവപ്പെട്ടെങ്കിലും, കോവിഡ് വ്യാപന ഗ്രാഫിലെ വക്രം തിരശ്ചീന തലത്തിലേക്ക് വരുന്നു എന്നുതന്നെയാണ് വിദഗ്ദരുടെ അഭിപ്രായം.

ഇതിനിടയിൽ, ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണകക്ഷി എം പിമാർ രംഗത്തെത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതിന്റെയും മറ്റും വിശദാംശങ്ങൾ പുറത്തുവിടണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ചില പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും സ്‌കൂളുകൾ അടച്ചിട്ടതും അതുപോലെ മറ്റു ചില പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ അവ എന്തുകൊണ്ടു തുറന്നുകൂടാ എന്നാണ് അവർ ചോദിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് വ്യാപനത്തിന് ശക്തി കുറയുന്നു എന്ന ചില റിപ്പോർട്ടുകളെ ഉദ്ദേശിച്ചായിരുന്നു അവർ അങ്ങനെ പരാമർശിച്ചത്.

വാക്സിനേഷൻ വിശേഷങ്ങൾ

ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെ കുറിച്ച് വിവാദങ്ങൾ ഉയരുമ്പോഴും, ബ്രിട്ടനിലെ വാക്സിനേഷൻ പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 4 ദശലക്ഷത്തോളമ്മ് പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ, മറ്റ് രോഗങ്ങൾ മൂലം കോവിഡ് ബാധിച്ചാൽ മരണസാധ്യത കൂടുതലുള്ളവർ തുടങ്ങിയവർക്കായിരുന്നു ആദ്യം വാക്സിൻ നൽകുവാൻ തീരുമാനിച്ചത്.

ഓരോയിടങ്ങളിലേയും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുഴുവൻ വാക്സിൻ ആദ്യ ഡോസ് നൽകിക്കഴിഞ്ഞാൽ ആ ഭാഗത്തെ 70 വയസ്സിനും മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിക്കും. മുൻഗണന ക്രമത്തിൽ രണ്ടാം ഗ്രൂപ്പിൽ ഉള്ളവർക്ക് വാക്സിൻ എടുക്കാൻ ഹാജരാകാനുള്ള കത്തുകൾ അയച്ചുകഴിഞ്ഞു. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അദ്ധ്യാപകർ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തിൽ ഉൾപ്പെടും.

നിയന്ത്രണങ്ങൾ ലംഘിക്കാൻ ജനക്കൂട്ടം, പിഴ ഈടാക്കി പൊലീസ്

മാറ്റ് ഹാൻകോക്ക് കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ, സ്വാർത്ഥതയും വിവരക്കേടും മാത്രം കൈമുതലായ ഒരു ന്യുനപക്ഷമുണ്ട് ബ്രിട്ടനിൽ. അവരാണ് മുഴുവൻ ബ്രിട്ടീഷുകാരുടെയും ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്നതും. കോവിഡെന്ന മഹാമാരിയെ പ്രതിരോധിക്കാൻ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാർ ഉത്തരവുകൾ അനുസരിച്ച്, നിയന്ത്രണങ്ങൾ പാലിച്ച് ജീവിക്കുമ്പോൾ ഈ ഒരു ന്യുനപക്ഷം മാത്രം ചിന്തിക്കുന്നത് തങ്ങൾ നിയമത്തിനും മേലെയാണെന്നാണ്.

കഴിഞ്ഞദിവസം ഒരു വനിത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ അവരെ സെയിൻബറീസിൽ നിന്നും പ്രത്താക്കുന്നതായിരുന്നു. അവർതന്നെ ചിത്രീകരിച്ച വീഡിയോയിൽ അവരെ പുറത്താക്കാനുള്ള കാരണം കൃത്യമായി മനസ്സിലാകും, അവർ മാസ്‌ക് ധരിച്ചിരുന്നില്ല. അതുപോലെത്തന്നെ, ഇന്നലെ മഞ്ഞുവീഴ്‌ച്ച അസ്വദിക്കുവാൻ 50 മൈൽ ദൂരംകാറോടിച്ചുപോയ നാലുപേരെ പൊലീസ് പിടികൂടി പിഴ ഈടാക്കി.

ആരോഗ്യപരമായ കാരണങ്ങളാൽ മാസ്‌ക് ധരിക്കുന്നതിൽ നിന്നും ചിലർക്ക് ഇളവുകൾ ലഭിച്ചിട്ടുണ്ട്. സെയ്ൻസ്ബറിയിൽ വിവാദമുണ്ടാക്കിയ വനിത ഉപയോഗിച്ചത് ഇതേ ലൂപ്ഹോൾ ആയിരുന്നു. തന്റെ ആരോഗ്യ പ്രശ്നത്തെ പറ്റി തെളിവ് ചോദിക്കാൻ കടക്കാർക്ക് അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. തന്നെ തടഞ്ഞ സൂപ്പർമാർക്കറ്റ് ജീവനക്കാരെ കോടതി കയറ്റുമെന്നായി അവർ. എന്നാല്പിന്നെ കോടതിയിൽ വച്ചു കാണാം എന്ന് ജീവനക്കാരും തിരിച്ചുപറഞ്ഞതോടെ അവർ പത്തിമടക്കി തിരിച്ചുപോവുകയായിരുന്നു.

മഞ്ഞുവീഴ്‌ച്ച കാണുവാൻ പോയ നാലുപേരും നാല് വ്യത്യസ്ത കുടുംബങ്ങളിൽ താമസിക്കുന്നവരായിരുന്നു. അത്യാവശ്യമില്ലാത്ത യാത്രയായിരുന്നു. മാത്രമല്ല, സ്വന്തം സ്ഥലംവിട്ട് 50 മൈൽ ദൂരെയാണ് ഇവർ പോയത്. അങ്ങനെ ഒന്നിലധികം നിയന്ത്രണങ്ങളാണ് ഇവർ ലംഘിച്ചത്. അതുകൊണ്ടുതന്നെ കനത്ത പിഴ ചുമത്തിയാണ് ഇവരെ വിട്ടയച്ചത്. ഇതുവരെ 28,744 പേർക്കാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇംഗ്ലണ്ടിൽ പിഴശിക്ഷ വിധിച്ചിട്ടുള്ളത്. ഇതിൽ 80 ശതമാനം പേരും 18 നും 39 നും ഇടയിൽ പ്രായമുള്ളവരാണ്.