കോവിഡും മറ്റു പ്രശ്നങ്ങളുമെല്ലാം മുൻപിൽ നിൽക്കുമ്പോഴും ജോ ബൈഡൻ പ്രഥമ പരിഗണന നൽകുന്നത് കുടിയേറ്റക്കാരുടെ പ്രശ്നത്തിനാണ്. അനധികൃതമായി അമേരിക്കയിൽ കുടിയേറിയ 11 ദശലക്ഷത്തോളം പേർക്ക് അമേരിക്കൻ പൗരത്വം നൽകാനാണ് ജോ ബൈഡന്റെ പരിപാടി. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവർക്കായിരിക്കും ഇക്കാര്യത്തിൽ മുൻഗണന നൽകുക. അമേരിക്കയിൽ കുട്ടികളായിരിക്കുമ്പോൾ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തിൽ സംരക്ഷണം ലഭിക്കുന്നവർ.

അതേസമയം രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ മെക്സിക്കോയിൽ നിന്നും ഗ്വാട്ടിമാലയിൽ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ അമേരിക്കയിലേക്ക് കടക്കാൻ തക്കം പാർത്തിരിപ്പുണ്ട്. ഇവർ ബൈഡൻ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തിൽ സംശയമൊന്നുമില്ല. അതിർത്തിയിലെ പ്രശ്നങ്ങൾ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാൻ കഴിയില്ലെന്ന അവർ മനസ്സിലാക്കണം എന്നാണ് ഇതിനെ കുറിച്ച് ജോ ബൈഡൻ പറഞ്ഞത്.

അതേസമയം, കുടിയേറ്റക്കാരെ കുറിച്ചുള്ള പ്രഖ്യാപനം എപ്പോഴാണ് ഉണ്ടാവുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് വൈറ്റ്ഹൗസിലെ നിയുക്ത പ്രസ്സ് സെക്രട്ടറി ജെൻ പ്സാകി ഒരു പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രാധാന്യം അർഹിക്കുന്ന മറ്റൊരു തീരുമാനമാണ് ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക്. ഇതും ബൈഡൻ നീക്കം ചെയ്യുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇത്തരം കാര്യങ്ങൾ പാർലമെന്റിൽ പാസ്സാക്കി എടുക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. അതേസമയം, സെനറ്റിൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്.ആരൊക്കെ ആർക്കൊക്കെ വേണ്ടി വോട്ട് ചെയ്യും എന്ന് ഊഹിക്കാൻ കഴിയാത്ത അവസ്ഥ. നേരത്തേ ഡി എ സി എകൊണ്ടുവന്നപ്പോഴും ഒബാമയ്ക്ക് മൂന്നുതവണ സെനറ്റിലെ വോട്ടെടുപ്പിൽ പരാജയം രുചിക്കേണ്ടിവന്നിരുന്നു.

കുടിയേറ്റം എന്നും അമേരിക്കയിൽ ചൂടേറിയ ഒരു രാഷ്ട്രീയ വിഷയമാണ്. തീർത്തും വലതുപക്ഷ വാദിയായ ട്രംപിന്റെ കുടിയേറ്റം നിരോധിക്കുവാനുള്ള കടുത്ത നടപടികൾ തീവ്ര വലതുപക്ഷക്കാരുടെ കൈയടി നേടിയിരുന്നു. മറ്റെന്തിനേക്കാൾ പ്രാധാന്യം ഈ വിഷയത്തിനു നൽകിയ ബൈഡന്റെ നടപടി സ്വന്തം പാർട്ടിക്കാരെയും അതിശയിപ്പിച്ചിട്ടുണ്ട്. രണ്ടു പാർട്ടിക്കുള്ളിലും ഇക്കാര്യത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉള്ളവരുണ്ട്. അതാണ് പാർട്ടി നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.