വാഷിങ്ടൺ: സത്യപ്രതിജ്ഞാ ദിനത്തിൽ തൊട്ട് പുതിയ അമേരിക്കയെ സൃഷ്ടിക്കാനുള്ള നീക്കവുമായി ജോ ബൈഡൻ. അതിനായി ട്രംപ് സർക്കാർ കൊണ്ടുവന്ന പത്തോളം വിവാദ ഉത്തവരവുകളാണ് ബൈഡൻ റദ്ദാക്കുന്നത്. ഇതിൽ എറ്റവും പ്രധാനം കുടിയേറ്റ നയം തന്നെയാണ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുൾപ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡൻ നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ യുഎസ് പൗരത്വം ലഭിക്കാൻ പാകത്തിലുള്ള നയമാവും ബൈഡൻ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പാരീസ് കാലാവസ്ഥാ ഉടമ്പടിയാണ് ട്രംപ് റദ്ദാക്കിയവയിൽ പ്രധാനപ്പെട്ട മറ്റൊന്ന്. 2017ൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് എതിരാണെന്ന പറഞ്ഞ് ട്രംപ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറിയത് ലോകത്തിലെ പരിസ്ഥിതി പ്രേമികളെ ഞെട്ടിച്ചിരുന്നു. ആദ്യ ദിനം തന്നെ ബൈഡൻ-ഹാരിസ് ടീം ഇത് റദ്ദാക്കുമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ചില ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയും ഒഴിവാക്കും. അതുപോലെ വിദ്യാഭ്യാസ വായ്‌പ്പ അടക്കാനുള്ള കാലാവധി നീട്ടിക്കൊടുക്കും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കുടിയൊഴിപ്പിക്കുന്നത് തടയും. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ബൈഡൻ ഭരണകൂടം ആദ്യ നൂറു ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനായി 139ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അടുത്ത നൂറു ദിവസം മാസ്‌ക്ക് ധരിക്കണമെന്നും ബൈഡൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ മാസ്‌ക്കപോലും വേണ്ട എന്ന് നിസ്സാരവത്ക്കരിക്കുന്ന നിലപാട് ആയിരുന്നു ട്രംപ് എടുത്തത്.

കുടിയേറ്റ നയം ഗുണം ചെയ്യുക ഇന്ത്യക്കാർക്ക്

ട്രംപിന്റെതിൽ നിന്ന് പൂർണ്ണമായും മാറി അനുഭാവ പൂർണ്ണമായ കുടിയേറ്റ നയമാണ് ബൈഡൻ- കമലാ ഹാരിസ് ടീമിന്റെത്. അനധികൃതമായ അമരിക്കയിൽ താമസിക്കുന്ന ആറുലക്ഷം ഇന്ത്യക്കാർക്ക് ഇത് ഗുണം ചെയ്യും. മാതാപിതാക്കളോടടൊപ്പം അമേരിക്കയിൽ എത്തി ഇവിടെ അനധികൃതമായ ജീവിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കും. ഇത്തരം കുട്ടികൾക്ക് ട്രംപ് ഏർപ്പെടുത്തിയ നാടുകടത്തൽ നിയമം പിൻവലിക്കുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിട്ടുണ്ട്.

പുതിയ ബിൽ പ്രകാരം 2021 ജനുവരിയിൽ അമേരിക്കയിൽ നിയമപരമല്ലാതെ താമസിക്കുന്നവർക്ക് അഞ്ചു വർഷത്തിനുള്ളിൽ ആവശ്യമായ പരിശോധനകൾക്കു ശേഷം താൽക്കാലികമായി നിയമസാധുതയോ ഗ്രീൻ കാർഡോ നേടാൻ കഴിയും. ഇതിനായി വ്യക്തികളുടെ പശ്ചാത്തല പരിശോധന, കൃത്യമായ നികുതി അടയ്ക്കൽ, മറ്റ് നിബന്ധനകൾ എന്നിവ പാലിക്കപ്പെടണം. താൽക്കാലിക പദവി ലഭിച്ചു കഴിഞ്ഞാൽ മൂന്നു വർഷത്തിനു ശേഷം പൗരത്വം നേടാൻ കഴിയുന്ന തരത്തിലാണു ബിൽ അവതരിപ്പിക്കുക. ചെറുപ്പത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി എത്തിയവർക്കും കാർഷികവൃത്തി ചെയ്യുന്നവർക്കും എളുപ്പത്തിൽ ഗ്രീൻകാർഡ് ലഭിക്കാൻ പുതിയ ബിൽ ഉപകരിക്കുമെന്നാണു സൂചന.

ട്രംപ് ഭരണകൂടം നടപ്പാക്കിയ കർശന കുടിയേറ്റ നയങ്ങൾ അതിവേഗം പരിഷ്‌കരിക്കാനുള്ള നീക്കങ്ങളാവും ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണു കരുതുന്നത്. എന്നാൽ ബൈഡന്റെ നീക്കത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ഉൾപ്പെടെ അതിശക്തമായ എതിർപ്പ് ഉയരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.പക്ഷേ ഇതിൽ പലതും നടപ്പാക്കണമെങ്കിൽ യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂടി പിന്തുണ വേണം. അതിനായും ബൈഡൻ- ഹാരിസ് സഖ്യം ശ്രമിക്കുന്നുണ്ട്.