പ്രഥമ വനിതയുടെ ഔപചാരികതയെല്ലാം വാഷിങ്ടണിൽ ഉപേക്ഷിച്ച് തീർത്തും ഉല്ലാസവതിയായിട്ടായിരുന്നു മുൻ പ്രഥമവനിത മെലാനിയ ട്രംപ് മാർ-എ ലാഗോയിൽ എയർഫോഴ്സ് വണ്ണിൽ നിന്നും ഇറങ്ങിയത്.

ഫ്ളോറിഡയിൽ ഇനി പുതിയ ജീവിതമാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മെലാനിയ. എന്നാൽ, എല്ലാം പുറകിൽ ഉപേക്ഷിച്ചിട്ടുവരാൻ മനസ്സുള്ളയാളല്ല ട്രംപ്. താൻ ഏതെങ്കിലും വേഷത്തിൽ ഉടൻ തിരികെയെത്തുമെന്ന് തന്റെ അനുയായികൾക്ക് ഉറപ്പു നൽകിയിട്ടാണ് ട്രംപ് എയർഫോഴ്സ് വണ്ണിൽ അവസാനമായി കയറിയത്.

1800-ന് ശേഷം, ഒരു പ്രസിഡണ്ട് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാത്ത പ്രസിഡന്റും പ്രഥമ വനിതയുമാണ് ട്രംപും മെലാനിയയും. ഇവർ ഫ്ളോറിഡയിൽ വിമാനമിറങ്ങുമ്പോൾ, വാഷിങ്ടണിൽ ഒബാമ, ബുഷ്, ക്ലിന്റൺ തുടങ്ങിയ മുൻ പ്രസിഡണ്ടുമാരെല്ലാം ജോബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. അതേസമയം ഫ്ളോറിഡയിലെത്തിയ ട്രംപിനെയും കുടുംബത്തെയും ആഘോഷപൂർവ്വമാണ് ആരാധകർ എതിരേറ്റത്.

ഇതിനിടയിൽ, ആണവായുധങ്ങളുടെ കോഡുകൾ അടങ്ങിയ ന്യുക്ലിയാർ ഫുട്ബോൾ എന്നറിയപ്പെടുന്ന പെട്ടി തന്നോടൊപ്പം ട്രംപ് കൊണ്ടുപൊയത് പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾ സൃഷ്ടിച്ചു, പുതിയ പ്രസിഡണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽകുന്നതിനു മുൻപായി അത് വാഷിങ്ടണിൽ എത്തിക്കാൻ സൈന്യത്തിന് പെടാപാട് പെടെണ്ടിവന്നു.

അതേസമയം, ട്രംപ് പുതിയൊരു പാർട്ടി രൂപീകരിക്കുവാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തീവ്ര ദേശീയതയായിരുന്നു ട്രംപിന്റെ കൈമുതൽ. അതുതന്നെയായിരുന്നു ട്രംപിന്റെ തുരുപ്പുകാർഡും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും,

അത് പരസ്യമായി വീശിയിട്ടുപോലും ലക്ഷക്കണക്കിന് വോട്ടുകൾ നേടാൻ ട്രംപിനായി എന്നത് ട്രംപിസത്തിന് അമേരിക്കയിൽ വർദ്ധിച്ചുവരുന്ന പ്രസക്തിയാണ് കാണിക്കുന്നത്.മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിയേ പോലും ട്രംപ് അനുകൂലികളെന്നും പ്രതികൂലികളെന്നും രണ്ടു വിഭാഗമാക്കാൻ ട്രംപിന് കഴിഞ്ഞു എന്നും ഓർക്കണം.

തീവ്ര ദേശീയത മനസ്സിൽ കത്തി നിൽക്കുന്ന ട്രംപ് വെറും അധികാരക്കൊതിയനോ മണ്ടനോ അല്ല. താൻ മടങ്ങിവരും എന്ന് പറഞ്ഞത് പലതും മനസ്സിൽ കണ്ടുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഏതായാലും ഇനിയുള്ള ദിവസങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കുന്ന നാളുകളായിരിക്കും എന്നുള്ളത് ഉറപ്പാണ്.