- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓരോ ദിവസവും കോവിഡ് മരണത്തിന്റെ റിക്കോർഡ് തിരുത്തി ബ്രിട്ടൻ; ഇന്നലെ മാത്രം 1820 പേർ മരിച്ചപ്പോൾ രോഗികളായത് 39,000 പേർ എന്ന് കണക്കുകൾ; ദിവസവും രോഗികളാകുന്നത് 65,000 പേർ വീതമാണെന്ന് അനൗദ്യോഗിക റിപ്പോർട്ടും
മരണം തുറിച്ചു നോക്കുകയാണ് ബ്രിട്ടനെ. ഓരോ ദിവസം കഴിയുംതോറും കോവിഡ് മരണങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇന്നലെ രേഖപ്പെടുത്തിയത് 1,820 കോവിഡ് മരണങ്ങളാണ്. ഇനി വരും നാളുകളിൽ പ്രതിദിന മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ പ്രതീക്ഷിക്കാം എന്ന് ബോറിസ് ജോൺസനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം മാത്രം ഇതുവരെ 20,000 ത്തോളം കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രോഗവ്യാപനകാര്യത്തിൽ കുറവ് ദൃശ്യമാകുന്നുണ്ട്. ഇന്നലെ 38,905 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്‌ച്ച ഇത് 47,525 ആയിരുന്നു. അതായത് കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ രോഗവ്യാപന നിരക്കിൽ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതിൽ ആശ്വസിക്കാൻ ഒന്നുമില്ലെന്നും കാഠിന്യമേറിയ നാളുകളാണ് വരാനിരിക്കുന്നതെന്നുമാണ് ചില ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.
ക്രിസ്തമസ്സ് കാലത്ത് നല്കിയ ഇളവുകളാണ് ഇപ്പോൾ മരണനിരക്ക് ഇത്രയും ഉയരാൻ കാരണമായത് എന്ന ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിൻ മുഴുവനും കൊടുത്തു തീരുന്നതുവരെ നിയന്ത്രണങ്ങളിൽ ഇളവുകൾ നല്കരുതെന്ന ആവശ്യവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പൂർണ്ണമായും നൽകാനായില്ലെങ്കിലും, വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിൻ നൽകിയതിനു ശേഷം മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാൻ പാടുള്ളു എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്.ഏതായാലും ഇന്നു മുതൽ പ്രതിദിനം 3.5 ലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതീക്ഷിച്ച രീതിയിലുള്ള വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലുംവാക്സിൻ പദ്ധതി പുരോഗമിക്കുന്നുണ്ട്. വാക്സിൻ എത്രമാത്രം നീണ്ടുപോകുന്നുവോ ലോക്ക്ഡൗണും അത്രയും കാലം ഉണ്ടാകുമെന്ന ഒരു ധാരണ വന്നതോടെ വാക്സിൻ പുരോഗതിക്ക് വേഗത കൈവരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായ പ്രമുഖരുമായി നടത്തിയ ഒരു യോഗത്തിൽ മന്ത്രിമാർ പറഞ്ഞത് കടുത്ത നിയന്ത്രണങ്ങൾ മെയ്, ജൂൺ മാസങ്ങൾ വരെ തുടരും എന്നാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം സ്‌കോട്ടലാൻഡിൽ ലോക്ക്ഡൗൺ ഫെബ്രുവരി പകുതിവരെ നീട്ടിയിട്ടുണ്ട്. ഇവിടെ രോഗവ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും, മറ്റൊരു വെല്ലുവിളിക്കുള്ള സമയമല്ല ഇതെന്ന തിരിച്ചറിവിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.