മാങ്കുളം: പ്രളയാനന്തര പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ച 77 റോഡ് പ്രവൃത്തികളിൽ ഒന്നു പോലും ഇനിയും തുടങ്ങിയില്ല. ഇതിന് ടെൻഡർ പോലും ആയില്ല. രണ്ടു വർഷത്തിനിടെ 15 പ്രവൃത്തികൾക്ക് മാത്രമാണ് വിശദമായ പദ്ധതി റിപ്പോർട്ട് ആയത്. പ്രളയത്തിലും മണ്ണിടിച്ചിലിലും തകരാത്തവിധത്തിൽ മികച്ച റോഡ് നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതാണ് അട്ടിമറിക്കപ്പെട്ടത്.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഇടുക്കി-30, പത്തനംതിട്ട-25, വയനാട്-22 എന്നിങ്ങനെയുള്ള റോഡ് പ്രവൃത്തികളാണ് സർക്കാർ പ്രഖ്യാപിച്ചത്. 2018-ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണം ആണ് ഇത്. വയനാട് ജില്ലയിലെ പത്ത് പ്രവൃത്തികൾക്കും പത്തനംതിട്ടയിലെ അഞ്ച് പ്രവൃത്തികളുടെയും ഡി.പി.ആർ. ജനുവരി 14-ന് നടന്ന സാങ്കേതിക സമിതിയിലാണ് പാസാക്കിയത്.

ആകെയുള്ള 77 പ്രവൃത്തികളിൽ 21 എണ്ണത്തിന് മാത്രമാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ നടപടികൾ തുടങ്ങിയത്. നിലവിൽ ഡി.പി.ആർ. തയ്യാറായ 15 പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി കിട്ടിയാൽ ഫെബ്രുവരി ആദ്യം ടെൻഡർ വിളിക്കാം. ഇതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ എല്ലാം തടസ്സപ്പെടും.