കോട്ടയം: കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. കളത്തിപ്പടി ചെമ്പോല കടത്തുകടവ് റോഡിനു സമീപം കൊച്ചുപറമ്പിൽ വീട്ടിൽ ജീന ജോസ് (അമ്മു 19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് അമ്മു തീ പൊള്ളലേറ്റ് മരിച്ചത്. കൊച്ചുപറമ്പിൽ ജോസ് പരേതയായ ജയമോൾ ദമ്പതികളുടെ മകളാണ് മരിച്ച അമ്മു.

തീ പിടിക്കുന്ന സമയത്ത് അമ്മു തനിച്ചായിരുന്നു വീട്ടിൽ .ഹോട്ടൽ തൊഴിലാളിയായ പിതാവ് ജോസ് ജോലിക്കു പോയി. സഹോദരൻ ജിതിനും ഭാര്യയും കൂടി പുറത്തേക്കു പോവുകയും ചെയ്തു. ഇതിന് അരമണിക്കൂറിനു ശേഷമാണ് അമ്മുവിനു പൊള്ളലേറ്റത്. എന്നാൽ എങ്ങനെയാണ് അമ്മുവിന്റെ മേലെ തീ പടർന്നതെന്ന് വ്യക്തമല്ല. അടുപ്പിൽ നിന്നു തീ പടർന്നതാകാം എന്നു പ്രാഥമികാന്വേഷണത്തിൽ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തീ ആളുന്നതു കണ്ട നാട്ടുകാരാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. ഇവർ ഉടൻ തന്നെ സംഭവം വാർഡ് അംഗത്തെ അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്‌നിരക്ഷാസേനയും എത്തി. ഇവർ ചേർന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രി ഒൻപതോടെ മരിച്ചു.

തെള്ളകത്തെ സ്ഥാപനത്തിൽ എൻഡോസ്‌കോപ്പി വിദ്യാർത്ഥിനിയാണ് മരിച്ച അമ്മു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.