- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാണ ഒരുക്കങ്ങൾക്കിടെ പ്രതീക്ഷിക്കാത്ത അതിഥിയായി കോവിഡ് എത്തി; വരൻ വിവാഹത്തിൽ പങ്കെടുത്തത് വീഡിയോ കോൾ വഴി; വധുവിന് മാലയിട്ട് സുമംഗലിയാക്കിയത് സഹോദരി
കറ്റാനം: കല്ല്യാണ ഒരുക്കങ്ങൾക്കിടെ വരന് കോവിഡ് ബാധിച്ചപ്പോൾ സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വിഡിയോകോൾ വഴി. വധുവിന്റെ കഴുത്തിൽ താലി ചാർത്തി സുമംഗലി ആക്കിയതാവട്ടെ വരന്റെ സഹോദരി. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ ഇന്നലെ 11.30നായിരുന്നു ഈ അപൂർവ്വ വിവാഹം. സഹോദരി തന്റെ വധു സൗമ്യയുടെ കഴുത്തിൽ താലി ചാർത്തിയതും കൈപിടിച്ചു മണ്ഡപത്തിനു പ്രദക്ഷിണം നടത്തിയതുമെല്ലാം സുജിത്ത് ഐസൊലേഷൻ മുറിയിൽ ഇരുന്നു വീഡിയോ കോൾ വഴി കണ്ടു.
സുജിത്തിന് കോവിഡ് ബാധിച്ചതോടെ ക്വാറന്റൈനിലായ മാതാപിതാക്കളും വീഡിയോ കോൾ വഴിയാണ് വിവാഹ ചടങ്ങുകൾ കണ്ടത്. മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ വീട്ടിൽ വി.ജി.സുധാകരന്റെയും രാധാമണിയുടെയും മകൻ സുജിത്ത് സുധാകരനും, കട്ടച്ചിറ പള്ളിക്കൽ കൊച്ചുവീട്ടിൽ വടക്കതിൽ സുദർശനന്റെയും കെ.തങ്കമണിയുടെയും മകൾ എസ്.സൗമ്യയും തമ്മിലുള്ള വിവാഹമാണ് വരന്റെ അസാന്നിധ്യത്തിലും സർവ്വ മംഗളമായി നടന്നത്.
മുംബൈയിൽ സ്വകാര്യകമ്പനി ജീവനക്കാരനാണു സുജിത്. കുടുംബം മുംബൈയിൽ സ്ഥിര താമസമാണ്. മൂന്ന് മാസം മുമ്പാണ് സുജിത്തിന്റെയും സൗമ്യയുടെയും വിവാഹം തീരുമാനിച്ചത്. വിവാഹ ചടങ്ങിനായി മൂന്നാഴ്ച മുൻപ് വരനും കുടുംബവും നാട്ടിലെത്തി, കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിനു രണ്ട് ദിവസം മുൻപു നടത്തിയ കോവിഡ് പരിശോധനയിലാണ് സുജിത് പോസിറ്റീവായത്.
ക്വാറന്റീനിലായതിനാൽ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കൾക്കും പങ്കെടുക്കാനായില്ല. തുടർന്നാണ് നാട്ടിൽ താമസിക്കുന്ന മഞ്ജുവിന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരീപുത്രിയാണ് മഞ്ജു. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം 'വിവാഹം' ഒന്നുകൂടി നടത്താൻ കാത്തിരിക്കുകയാണു സുജിത്.